തിരുവാതുക്കൽ ഇരട്ടക്കൊല: പ്രതി അമിത് ഉറാംഗ് അറസ്റ്റിൽ

Thursday 24 April 2025 4:41 AM IST

കോട്ടയം:തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ ഡോ.മീരയെയും അതിക്രൂരമായി കൊന്ന കേസിലെ പ്രതി അമിത് ഉറാംഗിനെ (23)​ മാളയിലെ അസാം സ്വദേശികളുടെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ വീട്ടിലെ മുൻ ജോലിക്കാരനാണ്.

മോഷ്ടിച്ച സി.സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് തെളിവെടുപ്പിൽ തിരുവാതുക്കലിലെ തോട്ടിൽ നിന്ന് കണ്ടെടുത്തു.

കൊലനടത്തിയ പ്രതി റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്‌ജിൽ പോയി കുളിച്ചശേഷം ബസിൽ മാളയിലേക്ക് പോയി. കോഴിഫാമിൽ ജോലി ചെയ്യുന്ന നാട്ടുകാരനായ യുവാവിനൊപ്പം കഴിയുമ്പോഴാണ് പിടിയിലായത്.

വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച പ്രതി, നമ്പറുകൾ ഗൂഗിൾ അക്കൗണ്ടിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി. സുഹൃത്തിനെ വിളിച്ചതും സി.സി.ടി.വി ദൃശ്യങ്ങളും കുടുക്കി. 11 ഫോണുകളാണ് കണ്ടെടുത്തത്.ഉച്ചയോടെ കോട്ടയത്ത് എത്തിച്ചു.

കൊല മോഷണക്കേസ് തീർക്കാൻ;

ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം

വിജയകുമാർ മരിച്ചാൽ ഫോൺ മോഷണക്കേസ് ഇല്ലാതാവുമെന്ന വിശ്വാസത്തിലാണ് കൃത്യം നടത്തിയത്. ജയിലിൽ നിന്ന് ഇറങ്ങിയശേഷം കേസ് പിൻവലിക്കാൻ വിജയകുമാറിനെ സമീപിച്ചെങ്കിലും ശകാരിച്ച് ഇറക്കിവിട്ടു. വിജയകുമാറിനെ കൊന്നശേഷം നാടുവിടാൻ തീരുമാനിച്ചു.

# ഉറങ്ങിക്കിടന്ന വിജയകുമാറിനെ കോടാലി കൊണ്ട് അടിച്ചു, ശബ്ദം കേട്ട് എഴുന്നേറ്റ ഭാര്യ മീര അമതിനെ കണ്ടു. തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ മീരയെയും കൊന്നു. ഹാർഡ് ഡിസ്‌കും ഒരു മൊബൈലും തോട്ടിൽ ഉപേക്ഷിച്ചു. അതുവഴി വന്ന ഓട്ടോയിൽ കോട്ടയത്തേയ്ക്കു പോയി.