വെങ്കലപ്രഭയിൽ സി.കേശവൻ സ്ക്വയർ, ഉദ്ഘാടനം നാളെ

Thursday 24 April 2025 12:50 AM IST

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും തിരുക്കൊച്ചി മുൻ മുഖ്യമന്ത്രിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സി.കേശവന്റെ സ്മരണക്കായി കോഴഞ്ചേരിയിൽ നിർമ്മിച്ച സ്ക്വയർ നവീകരണം പൂർത്തിയാക്കി മന്ത്രി വീണാ ജോർജ് നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായിരിക്കും. സി.കേശവന്റെ വെങ്കല പ്രതിമയും അനാഛാദനം ചെയ്യും. വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 20ലക്ഷം രൂപ കൊണ്ടാണ് സ്ക്വയർ നവീകരിച്ചത്. പ്രതിമ സംരക്ഷിക്കുന്നതിനുള്ള മേൽക്കൂരയും പണിതിട്ടുണ്ട്. ചുറ്റുമതിലും നിർമ്മിച്ചു. അലങ്കാരത്തിനായി ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. നടപ്പാത, പ്രതിമയ്ക്ക് പിന്നിൽ കസേര, വെള്ളത്തിനായി വാട്ടർ ടാങ്ക്, ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തയാറാക്കിയ പദ്ധതിയാണിത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിനാണ് മേൽനോട്ട ചുമതല. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കും.

ചരിത്രപ്രസിദ്ധമായ പ്രസംഗം

1935 മേയ് 11ന് അന്നത്തെ ദിവാൻ സർ സി.പിക്കെതിരെ സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ആരാധനാ സ്വാതന്ത്ര്യവും വോട്ടവകാശവും സർക്കാർ ജോലിയും ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിഷേധിച്ചതിനെതിരെയാണ് കോഴഞ്ചേരി പ്രസംഗത്തിലൂടെ സി.കേശവൻ ആഞ്ഞടിച്ചത്. ദിവാനെതിരെ ശബ്ദം ഉയർത്തിയതിന് അദ്ദേഹത്തെ ജയിലിലടച്ചു.