ഷൈനിനും ശ്രീനാഥിനും എക്സൈസ് നോട്ടീസ്

Thursday 24 April 2025 4:28 AM IST

ആലപ്പുഴ:രണ്ടുകോടിയുടെ ഹൈബ്രീഡ് കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിനിമാതാരങ്ങളായ ഷൈൻ ടോം ചോക്കോയും ശ്രീനാഥ് ഭാസിയും 28ന് ആലപ്പുഴ അസി.എക്സൈസ് കമ്മിഷണർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. എക്സൈസ് അസി.കമ്മിഷണർ ഡി.അശോക് കുമാറാണ് നോട്ടീസ് നൽകിയത്.ഒന്നാം പ്രതി തസ്ളിമ സുൽത്താനുമായുള്ള സൗഹൃദവും വാട്ട്സാപ് ചാറ്റുകളും സംബന്ധിച്ച വിവരങ്ങളിൽ വ്യക്തതവരുത്തുകയാണ് ലക്ഷ്യം. എക്സ്ട്ര നടിയായിരുന്ന തസ്ളിമയ്ക്ക് സിനിമാരംഗത്തെ നിരവധിപേരുമായി സൗഹൃദവും ബന്ധവുമുള്ളതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം.ഷൈൻ ടോമും ശ്രീനാഥ് ഭാസിയും തസ്ളിമയുമായി വാട്ട്സാപ്പ് ചാറ്റ് നടത്തിയിരുന്നു. ചാറ്റുകളിൽ പലതും നീക്കം ചെയ്തതതിനാലാണ് ഇരുവരെയും വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഷൈനും ശ്രീനാഥ് ഭാസിയുമായുള്ള സൗഹൃദത്തെ സംബന്ധിച്ച് തസ്ളിമ എക്സൈസിന് മൊഴി നൽകിയിരുന്നു. ഇവരുമായി പണം ഇടപാടുകൾ നടന്നതിന്റെ സൂചനകളും എക്സൈസിന്റെ പക്കലുണ്ട്. ശ്രീനാഥിനും ഷൈനിനും പുറമേ, തസ്ളിമയുമായി സൗഹൃദമുള്ളതായി കണ്ടെത്തിയിട്ടുള്ള സിനിമാരംഗത്തെ മറ്റ് ചിലരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ തസ്ളിമയെയും ഭർത്താവ് സുൽത്താനെയും എറണാകുളത്തെത്തിച്ച് തെളിവെടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായി എറണാകുളത്തെത്തിയശേഷം ഇവർ താമസിച്ച ഹോട്ടൽ, തസ്ളിമയുടെ സുഹൃത്തായ യുവതിയുടെ അപ്പാർട്ട്മെന്റ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. യുവതി അറിയാതെയാണ് കഞ്ചാവ് അവരുടെ അപ്പാർട്ട്മെന്റിൽ ഒളിപ്പിച്ചതെന്നാണ് തസ്ളിമ എക്സൈസിനോട് പറഞ്ഞിട്ടുള്ളത്.