ലക്നൗവിൽ വിരിഞ്ഞ രാഹുലിന്റെ പുഞ്ചിരി
തന്നെ അപമാനിച്ചുവിട്ടവർക്ക് മുന്നിൽ നെഞ്ചുവിരിച്ച് തിരിച്ചെത്തിയ കെ.എൽ രാഹുലാണ് ഇപ്പോൾ ഐ.പി.എല്ലിലെ ഹീറോ. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകനായിരുന്നു രാഹുൽ. ടീമിന്റെ തോൽവിയും നായകന്റെ മോശം ബാറ്റിംഗ് ഫോമിലും കലികാെണ്ട ടീമുടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ കാമറകൾക്ക് മുന്നിൽ, ഗ്രൗണ്ടിലെ കാണികൾക്ക് മുന്നിൽ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് അന്ന് ചർച്ചയായത്.
ഗോയങ്ക കയർക്കുമ്പോൾ ഒന്നും മറുപടി പറയാനില്ലാതെ സങ്കടം കടിച്ചമർത്തിനിന്ന രാഹുൽ ആ സീസൺ കഴിഞ്ഞപ്പോൾ ലക്നൗ വിട്ടു. കഴിഞ്ഞ താരലേലത്തിൽ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് രാഹുലിനെ സ്വന്തമാക്കി. ലക്നൗ സൂപ്പർ ജയന്റ്സ് ആ വാശിക്ക് 27 കോടി രൂപ മുടക്കി ഡൽഹി ക്യാപ്ടനായിരുന്ന റിഷഭ് പന്തിനെ സ്വന്തമാക്കി, നായകനുമാക്കി. ഡൽഹിയിലെത്തിയ രാഹുൽ നായകനാകുമെന്നാണ് കരുതിയതെങ്കിലും തനിക്ക് നായകവേഷം വേണ്ടെന്ന് വിവേകപൂർവം തീരുമാനിച്ച രാഹുൽ വിക്കറ്റ് കീപ്പറും ബാറ്ററുമായി കളിച്ചു.
ഈ സീസണിലെ ആദ്യമത്സരത്തിൽ ഡൽഹിയും ലക്നൗവും ഏറ്റുമുട്ടിയപ്പോൾ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രാഹുൽ കളിച്ചിരുന്നില്ല. അതിനുശേഷം കളത്തിലിറങ്ങിയ രാഹുൽ മികച്ച ബാറ്റിംഗുമായി കളംനിറഞ്ഞു.ചെന്നൈയ്ക്കും ബെംഗളുരുവിനുമെതിരെ നേടിയ അർദ്ധസെഞ്ച്വറികൾ ടീമിന്റെ വിജയത്തിന് അടിത്തറയായി. ആർ.സി.ബിക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പുറത്താകാതെ 93 റൺസ് നേടിയശേഷം കാന്താര സ്റ്റൈലിൽ ബാറ്റ് ഗ്രൗണ്ടിൽ കുത്തി ഇത് തന്റെ ഹോംഗ്രൗണ്ട് എന്ന് പ്രഖ്യാപിച്ച രാഹുലിന്റെ ആഘോഷവും ശ്രദ്ധേയമായി.
അപ്പോഴും ആരാധകർ കാത്തിരുന്നത് രാഹുൽ തന്റെ പഴയ ടീമിനെതിരെ അവരുടെ തട്ടകത്തിൽ കളിക്കുന്നത് കാണാനായിരുന്നു. കഴിഞ്ഞ ദിവസമാണ് ആ കാത്തിരിപ്പ് കഴിഞ്ഞത്. രാഹുൽ ലക്നൗവിൽ വന്നു, കളിച്ചു; കീഴടക്കി. ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് 159/6 എന്ന സ്കോറേ നേടാനായുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് ലക്നൗവിനെ ഒതുക്കിയത്. മറുപടിക്കിറങ്ങിയ ഡൽഹി 3.4 ഓവറിൽ 36 റൺസിലെത്തിയപ്പോൾ കരുൺ നായർ പുറത്തായി.പാഡണിഞ്ഞ് ബാറ്റുമായി രാഹുൽ കളത്തിലേക്കിറങ്ങി. ഓപ്പണർ അഭിഷേക് പൊറേലിനെ(51)ക്കൂട്ടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. അഭിഷേക് പുറത്തായശേഷമെത്തിയ നായകൻ അക്ഷർ പട്ടേലിനൊപ്പം 13 പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം കടത്തി.
42 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടക്കം 57 റൺസുമായി പുറത്താകാതെനിന്ന രാഹുൽ വിജയിച്ച ശേഷം ബാറ്റുകൊണ്ട് തന്റെ ജഴ്സിക്ക് പിന്നിലെ പേര് ചൂണ്ടിക്കാട്ടുന്ന ദൃശ്യമാണ് ആദ്യം വൈറലായത്. പിന്നാലെ കളികഴിഞ്ഞ് മടങ്ങുമ്പോൾ ഷെയ്ക്ക്ഹാൻഡിന് കാത്തുനിന്ന സഞ്ജീവ് ഗോയങ്കയെ ശ്രദ്ധിക്കാതെ കൈ കൊടുത്ത് നടന്നുപോയ ദൃശ്യവും. രാഹുലിനോട് എന്തോ പറയാൻ ശ്രമിച്ച ഗോയങ്ക അത് കേൾക്കാൻ നിൽക്കാതെ താരം നടന്നുനീങ്ങിയപ്പോൾ അന്തിച്ചുനിൽക്കുന്നതും കാണാമായിരുന്നു. ഗോയങ്കയ്ക്ക് നൽകാൻ കാലം കാത്തുവച്ച മറുപടിയായിരുന്നു ഇതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
323
റൺസാണ് ഈ സീസണിലെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് രാഹുൽ നേടിയത്.
3
അർദ്ധസെഞ്ച്വറികൾ രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു.
93*
ആർ.സി.ബിക്ക് എതിരെ ചിന്നസ്വാമിയിലാണ് സീസണിലെ ഉയർന്നസ്കോർ നേടിയത്.
5006
സൺറൈസേഴ്സ് ,ആർ.സി.ബി, പഞ്ചാബ് കിംഗ്സ്, ലക്നൗ, ഡൽഹി എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള കെ.എൽ രാഹുൽ ഐ.പി.എല്ലിൽ139 മത്സരങ്ങളിൽ നിന്ന് 5006 റൺസ് നേടിക്കഴിഞ്ഞു. നാലുസെഞ്ച്വറികളും 40 അർദ്ധസെഞ്ച്വറികളും നേടിയിട്ടുള്ള രാഹുലിന്റെ ഐ.പി.എൽ സ്ട്രൈക്ക് റേറ്റ് 135.70 ആണ്.