ബെംഗളുരുവിനെ പെനാൽറ്റിയിൽ പറപ്പിച്ച് ഇന്റർ കാശി ക്വാർട്ടറിൽ
ഭുവനേശ്വർ : എ.ഐ.എഫ്.എഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഐ.എസ്.എൽ റണ്ണേഴ്സ് അപ്പായ ബെംഗളുരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഐ ലീഗ് റണ്ണേഴ്സ് അപ്പായ ഇന്റർ കാശി ക്വാർട്ടറിലെത്തി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതിനാലാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 5-3 എന്ന സ്കോറിനായിരുന്നു ഷൂട്ടൗട്ടിൽ ഇന്റർ കാശിയുടെ ജയം.
61-ാം മിനിട്ടിൽ റയാൻ ഡേവ് വില്യംസിലൂടെ ബെംഗളുരുവാണ് ആദ്യം സ്കോർ ചെയ്തത്. 79-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലിറങ്ങിയ ബാബോവിച്ച് 87-ാം മിനിട്ടിലാണ് കാശിക്ക് സമനില നൽകിയത്. ഷൂട്ടൗട്ടിൽ കാശി താരങ്ങൾ അഞ്ചുകിക്കുകളും വലയിലാക്കിയപ്പോൾ ആൽബർട്ടോ നൊഗ്യൂറോ കിക്ക് പാഴാക്കിയതാണ് ബെംഗളുരുവിന് വിനയായത്.
ഇന്നത്തെ മത്സരങ്ങൾ
നോർത്ത്ഈസ്റ്റ് Vs മൊഹമ്മദൻസ്
4 .30 pm മുതൽ
ജംഷഡ്പുർ Vs ഹൈദരാബാദ്
8 pm മുതൽ
ജിയോ ഹോട്ട്സ്റ്റാറിൽ ലൈവ്