പഹൽഗാം : ഭീകരതയെ അപലപിച്ച് കായികലോകം

Wednesday 23 April 2025 11:53 PM IST

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചും പ്രമുഖ കായികതാരങ്ങൾ.ഇന്നലെ ഐ.പി.എൽ മത്സരത്തിന് മുമ്പ് മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമ്മിൻസും മരണപ്പെട്ടവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ ആദരസൂചകരമായി ഒരുമിനിട്ട് മൗനമാചരിച്ചു. കളിക്കാരും ഒഫിഷ്യൽസും കറുത്ത ആംബാൻഡ് അണിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീർ,യുവ്‌രാജ് സിംഗ്,ഇർഫാൻ പഠാൻ,സുരേഷ് റെയ്ന,വിരേന്ദർ സെവാഗ്, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സാക്കിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തെ അപലപിച്ചു. ഈ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കോച്ചും ബി.ജെ.പി മുൻ എം.പിയുമായ ഗംഭീർ എക്സിൽ കുറിച്ചു. അതേസമയം മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് ഹഫീസ് സങ്കടകരവും ഹൃദയഭേദവും എന്ന് ആക്രമണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.