പ്ലാസ്റ്റിക് കവർ ഉരുക്കിയ എണ്ണയിൽ പാചകം, കട പൂട്ടിച്ചു
കൊല്ലം:റോഡരികിലെ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവർ ഉരുക്കിച്ചേർത്ത എണ്ണ പിടികൂടി. പട്ടാളത്തുപള്ളിക്ക് അടുത്ത് പ്രവർത്തിക്കുന്ന കട കൊല്ലം കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൂട്ടിച്ചു.ഇന്നലെ രാവിലെ 11.45 ഓടെയാണ് പരിശോധന നടത്തിയത്.റീഫൈൻഡ് പാം ഓയിലിൽ എണ്ണയുടെ കവറുകൂടി ഉരുക്കി ചേർത്ത ശേഷമാണ് പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്. കമ്മിഷണർ ഓഫീസിലെ ഉദ്യോഗസ്ഥനായ ജ്യോതിഷ് കുമാറാണ് സംഭവം ആദ്യം കാണുന്നത്.ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പൊലീസിലും കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലും വിവരം അറിയിക്കുകയായിരുന്നു.ആളുകൾ കൂടിയതോടെ ജീവനക്കാർ എണ്ണയുടെ ഭൂരിഭാഗവും മറിച്ചുകളഞ്ഞു. സ്ഥലത്തെത്തിയ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മുമ്പ് ഉരുക്കിയതിന്റെ ബാക്കി പ്ലാസ്റ്റിക് കവറുകളും എണ്ണയും കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് കട പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനത്തിന് രേഖകളോ,തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധനയ്ക്ക് പിന്നാലെ പിഴ ചുമത്തി കട പൂട്ടിക്കുകയും ചെയ്തു.കട ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.