രാമചന്ദ്രന്റെ മൃതദേഹം കൊച്ചി​യി​ലെത്തി​ച്ചു

Thursday 24 April 2025 12:55 AM IST

കൊച്ചി: ഭാര്യയും മകളും കൊച്ചുമക്കളുമായി കാശ്മീരിലേക്ക് വിനോദയാത്ര പോയി ഭീകരരുടെ തോക്കിനിരയായ എൻ. രാമചന്ദ്രന്റെ ചേതനയറ്റ ശരീരം ഇന്നലെ രാത്രി​ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഡൽഹിയിൽ നിന്ന് രാത്രി എട്ടിന് എത്തിച്ച ഭൗതി​കദേഹത്തി​ൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൃഷിമന്ത്രി പി. പ്രസാദ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

മൃതദേഹം രാത്രി തന്നെ പാലാരി​വട്ടം റിനയ് മെഡിസിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മരുമകനും സഹോദരനും എത്തിയ ശേഷം 25നാണ് സംസ്കാരം. 25ന് രാവിലെ 7 മുതൽ 9വരെ ഇടപ്പള്ളി​ ചങ്ങമ്പുഴ പാർക്കി​ൽ പൊതുദർശനത്തി​ന് ശേഷം ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനത്തിൽ എത്തി​ക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം 11.30ന് ഇടപ്പള്ളി​ പൊതുശ്മശാനത്തി​ൽ സംസ്കരിക്കും.

തി​ങ്കളാഴ്ച പുലർച്ചെയാണ് രാമചന്ദ്രനും ഭാര്യ ഷീലയും മകൾ ആരതി​യും ഇരട്ടക്കുട്ടി​കളായ ദ്രുപദും കേദാറും കാശ്മീരി​ലേക്ക് വി​നോദയാത്ര പോയത്. ചൊവ്വാഴ്ച പഹൽഗാമി​ൽ മകളുമൊത്ത് ട്രെക്കിംഗി​ന് പോയപ്പോഴാണ് ഭീകരർ രാമചന്ദ്രനെ വെടി​വച്ചത്. മകളെയും മക്കളെയും വെറുതേവി​ട്ടു.

മൂന്നുപതിറ്റാണ്ടു മുമ്പ് ഇടപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്നയാളാണ് ശ്രാമ്പിക്കൽ വീട്ടിൽ എൻ. രാമചന്ദ്രൻ. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ടു വർഷം മുമ്പാണ് മടങ്ങിയെത്തിയത്.

ഇന്നലെ വി​മാനത്താവളത്തി​ൽ ജി​ല്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എം.പി​.മാരായ ഹൈബി​ ഈഡൻ, ബെന്നി​ ബഹനാൻ, ജെബി​ മേത്തർ. എം.എൽ.എമാരായ ടി​.ജെ.വി​നോദ്, അൻവർ സാദത്ത്, റോജി​ ജോൺ​, ആന്റണി​ ജോൺ​, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ബി​.ജെ.പി​. ജി​ല്ലാ പ്രസി​ഡന്റ് കെ.എസ്. ഷൈജു, ഡി​.സി​.സി​. പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസ്, ബി​.ജെ.പി​. ദേശീയ സെക്രട്ടറി​ അരവി​ന്ദ് മേനോൻ, കെ.വി​.എസ്. ഹരി​ദാസ് തുടങ്ങി​യവരും അന്ത്യാഞ്ജലി​ അർപ്പി​ക്കാനെത്തി​.