കേരളത്തില്‍ 9969 പേരില്‍ സ്ഥിരീകരിച്ചു, രോഗം വ്യാപിക്കുന്നത് വായ മൂക്ക് എന്നിവിടങ്ങളിലെ സ്രവം വഴി

Thursday 24 April 2025 1:04 AM IST


പാലക്കാട് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചത് -178 പേര്‍ക്ക്

പാലക്കാട്: ഇടയ്ക്കിടെ വേനല്‍ മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ചൂടിന് കുറവില്ല. ചൂട് കൂടുന്നതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ ചിക്കന്‍പോക്‌സും പടരുകയാണ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 9969 പേര്‍ക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 19 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1421 പേര്‍ക്ക് രോഗം ബാധിച്ചിണ്ടുണ്ട്. ഈ കാലയളവില്‍ പാലക്കാട് മാത്രം 178 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ രോഗബാധയുണ്ടായതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു.

നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കന്‍പോക്‌സ് വാക്‌സിന്‍ എടുക്കാത്തവരിലോ വളരെ എളുപ്പത്തില്‍ പടരും. കഴിഞ്ഞമാസം 3090 പേര്‍ക്ക് സംസ്ഥാനത്താകെ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചിരുന്നു. വേനല്‍ച്ചൂട് കനത്തതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നുണ്ട്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഞ്ഞപിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ചിക്കന്‍ പോക്‌സ്

വാരിസെല്ലസോസ്റ്റര്‍ എന്ന വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. വൈറസ് ബാധിച്ച് 10 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും. ഇത് കുറച്ചുദിവസം നീണ്ടുനില്‍ക്കും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണവും സുഖമില്ലെന്ന തോന്നലുമെല്ലാം അനുഭവപ്പെടാം.

രോഗം പകരുന്നത്


രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുന്‍പും കുമിള പൊന്തി 6 -10 ദിവസം വരെയും രോഗം പകരാന്‍ സാധ്യതയേറെയാണ്. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ പൊതു പ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും രോഗം വരാറുണ്ട്.

പച്ചക്കറികള്‍ ധാരാളമടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂര്‍ണമായ ഭക്ഷണം കഴിക്കണം. ചിക്കന്‍പോക്‌സ് ബാധിതര്‍ കുരുക്കള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുരുക്കള്‍ പൊട്ടി പഴുക്കുന്നവരില്‍ അടയാളം കൂടുതല്‍ കാലം നിലനില്‍ക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതു രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാന്‍ കാരണമാകും.


ചികിത്സ

ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.