ഉത്സവത്തിനിടെ വെടിവയ്പ്പ്: രണ്ട് പേർ കൂടി അറസ്റ്റിൽ
പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി ഈസ്റ്റ് വട്ടുണ്ട സ്വദേശി എരഞ്ഞിപ്പാലത്തിങ്ങൽ അനൂപ് (37), ഈസ്റ്റ് സ്വദേശി പാലക്കത്തൊടി മഹമൂദ് നിഷാദ് (36) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊറത്തി തൊടിയിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് കൊടശ്ശേരി പ്രദേശത്തുകാരും ചെമ്പ്രശ്ശേരി ഈസ്റ്റ് പ്രദേശത്തുകാരും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. ഇതിനിടയിൽ ചെമ്പ്രശ്ശേരി സ്വദേശിയായ നെല്ലേങ്ങര ലുഖ്മാന് എയർ ഗൺ ഉപയോഗിച്ച് വെടിയേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് മുഖ്യ പ്രതി മുന്തിരി റഫീഖ് ഉൾപ്പടെ 13 പേരെ നേരത്തെ തന്നെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത അനൂപിനെയും മഹമൂദ് നിഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തത്.