'ഞാൻ റെയിൽവേ സ്‌റ്റേഷനിൽ കാത്തിരിക്കും, വന്നില്ലെങ്കിൽ'; പത്ത് രൂപ നോട്ടിൽ കാമുകിക്കായി യുവാവിന്റെ സന്ദേശം

Thursday 24 April 2025 10:46 AM IST

ഫത്തേപൂർ: എല്ലാ പ്രണയവും സഫലമാകണമെന്നില്ല. ചിലർ കാമുകൻ അല്ലെങ്കിൽ കാമുകിയെ വഞ്ചിച്ച് പോകുന്നു. മറ്റുചിലർക്കാകട്ടെ സാഹചര്യം മൂലം പ്രിയപ്പെട്ടയാളെ ഉപേക്ഷിക്കേണ്ടിവരുന്നു. ബ്രേക്കപ്പിന് ശേഷം പഴയതെല്ലാം മറന്ന് പുതിയ ജീവിതവുമായി മുന്നോട്ടുപോകുന്നവരേറയാണ്. എന്നാൽ കുറച്ചുപേർ നഷ്ടപ്രണയമോർത്ത് വേദനിച്ച് ജീവിതം തള്ളിനീക്കുന്നു. ചിലർ ചതിച്ചിട്ട് പോയ ആളോട് പ്രതികാരം ചെയ്യുന്നു. ജീവിതം അവസാനിപ്പിക്കുന്നവരുമുണ്ട്.

ഇപ്പോഴിതാ പത്ത് രൂപ നോട്ടിൽ ഒരു കാമുകൻ എഴുതിയ വൈകാരികമായ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണയം വിവാഹത്തിലേക്ക് എത്താതെ പോയപ്പോൾ, ഹൃദയം തകർന്ന ഒരു കാമുകൻ അസാധാരണമായ രീതിയിൽ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചിരിക്കുകയാണ് ഇവിടെ.

അയാൾ തന്റെ കാമുകിയെ കാത്ത് ഫത്തേപൂർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്. അവളോട് തന്നിലേക്ക് മടങ്ങാനാണ് യുവാവ് ആവശ്യപ്പെടുന്നത്. 'സ്റ്റേഷനിൽ കാത്തിരിക്കും. അവൾ വന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.'- എന്നാണ് പത്ത് രൂപ നോട്ടിൽ എഴുതിയത്.


യുവാവിന്റെ കാമുകി ആരാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും പത്ത് രൂപയിലെ സന്ദേശം വളരെപ്പെട്ടെന്ന് വൈറലായി. യുവാവിന്റെ കാമുകി അത് കാണുന്നുവെന്ന് ഉറപ്പാക്കാൻ ആളുകൾ വ്യാപകമായി പങ്കിടുകയാണിത്. നോട്ടിന്റെ ചിത്രം എക്സ്, ഫേസ്ബുക്ക് അടക്കം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു പെണ്ണ് ചതിച്ചിട്ട് പോയെന്ന് കരുതി ഇങ്ങനെയൊരു തീരുമാനമെടുക്കരുതെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്.