"ഒറ്റവാക്കാണ് ഭീകരൻ ചോദിച്ചത്, അച്ഛനെ എന്റെ കൺമുന്നിൽവച്ച് വെടിവച്ചു"; നടുക്കുന്ന ഓർമകൾ പങ്കുവച്ച് രാമചന്ദ്രന്റെ മകൾ

Thursday 24 April 2025 11:36 AM IST

കൊച്ചി: നടുക്കുന്ന ഓർമകൾ പങ്കുവച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. തന്റെ കൺമുന്നിൽവച്ചാണ് അച്ഛനെ വെടിവച്ചത്. മക്കളുമായി കാട്ടിലൂടെ ഓടുകയായിരുന്നെന്നും അവർ പറഞ്ഞു.


'നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. മിനി സ്വിറ്റ്സർലണ്ടിലായിരുന്നു ഞങ്ങൾ. അവിടെ സിപ് ലൈൻ പോലുള്ള കുറേ ആക്ടിവിറ്റീസ് ഉണ്ട്. പെട്ടന്ന് ഒരു ശബ്ദം കേട്ടു. വെടിയൊച്ചയാണോയെന്ന് അറിയില്ല. പിന്നെയും ശബ്ദം കേട്ടു, അപ്പോൾ ഭീകരാക്രമണമാണെന്ന് മനസിലായി. അമ്മ കൂടെയുണ്ടായിരുന്നില്ല. ഞാനും അച്ഛനും മക്കളും അവിടെ നിന്ന് ഓടി. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലാണ് ഓടുന്നത്. അതിനിടയിൽ ഒരു ടെററിസ്റ്റ് വന്നു. എല്ലാവരോടും കിടക്കാൻ പറഞ്ഞു. എന്തോ ചോദിക്കുന്നു, വെടിവയ്ക്കുന്നു. എന്താ ചോദിക്കുന്നതെന്ന് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെന്റെൻസൊന്നുമല്ല, ഒറ്റവാക്കാണ് ചോദിച്ചത്. രണ്ടുതവണയേ ചോദിച്ചുള്ളൂ. മനസിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞു. അച്ഛനെയും എന്റെ മുന്നിൽ വച്ച് വെടിവച്ചു. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.

അമ്മാ പോകാമെന്ന് മക്കൾ കരഞ്ഞു പറഞ്ഞു. അച്ഛനെ ഇനി സേവ് ചെയ്യാനാകില്ലെന്ന് മനസിലായി. ഓൺ ദ സ്‌പോട്ട് ഡെഡ് ആയിരുന്നു. ഞാൻ, എന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടി. പലയിടത്തുനിന്നും വരുന്നവർ ഒരു സ്ഥലത്തെത്തി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഫോണിന് സിഗ്നൽ കിട്ടാൻ തുടങ്ങി. ഞാൻ കാശ്മീർ സ്വദേശികൂടിയായ എന്റെ ഡ്രൈവറെ വിളിച്ചു. അയാളാണ് എല്ലാവരെയും അറിയിച്ചത്. ഏഴ് മിനിട്ടിനുള്ളിൽ മിലിട്ടറിയും പ്രദേശവാസികളുമൊക്കെ ഓടി മുകളിൽ പോകുകയായിരുന്നു.


ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവർ തോക്കുകൊണ്ട് എന്റെ തലയിൽ തൊട്ടു. അത് വെടിവയ്ക്കാനാണോ പേടിപ്പിക്കാനാണോയെന്ന് അറിഞ്ഞൂടാ. മക്കൾ കരഞ്ഞതുകൊണ്ട് അയാൾ വിട്ടിട്ടുപോയതാകാം. എന്റെയടുത്ത് വന്നയാൾ സൈനിക വേഷത്തിലായിരുന്നില്ല.


മലയുടെ മുകളിലാണ് സംഭവം നടന്നത്. എവിടെവച്ചാണ് ആക്രമണമുണ്ടായതെന്ന് ചോദിച്ചപ്പോൾ എന്റച്ഛൻ മരിച്ചെന്ന് പറഞ്ഞു. രാത്രിയാണ് ഐഡന്റിഫിക്കേഷന് വിളിച്ചത്. അവിടത്തെ സർക്കാരാണെങ്കിലും ഇവിടത്തെ സർക്കാരും കേന്ദ്രസർക്കാരും പ്രദേശവാസികളുമെല്ലാം കുറേ സഹായിച്ചു.

ആളുകളെ വിളിക്കാനും ഭീകരനെക്കുറിച്ച് പറയാനുമൊക്കെയായി ഞാൻ ഓടിനടക്കുകയായിരുന്നു. അപ്പോൾ എന്റെ ഡ്രൈവറും കാശ്മീരിലെ തന്നെ വേറെയൊരാളുമാണ് എന്റെ അനിയനെയും ചേട്ടനെയും പോലെ ഒപ്പമുണ്ടായിരുന്നത്. രാത്രി മൂന്ന് മണിവരെ മോർച്ചറിയുടെ മുന്നിലായിരുന്നു. കാശ്മീരിൽ എനിക്ക് രണ്ട് സഹോദരങ്ങളെക്കിട്ടിയെന്നാണ് ഇന്നലെ ഞാൻ ബൈ പറഞ്ഞപ്പോൾ അവരോട് പറഞ്ഞത്.


എല്ലാവരോടും അമ്മയോട് പറയരുതെന്ന് പറഞ്ഞിരുന്നു. ഹോട്ടലിലെ ടിവി കണക്ഷൻ റിമൂവ് ചെയ്തു. അച്ഛന് പരിക്കേറ്റെന്നും ട്രീറ്റ്‌മെന്റ് വേണമെന്നുമാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി ഇവിടെയെത്തിയ ശേഷമാണ് അമ്മയെ അറിയിച്ചത്.'- ആരതി പറഞ്ഞു.