സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ മരിച്ചു, നിരവധിപേർ ചികിത്സയിൽ
Thursday 24 April 2025 4:32 PM IST
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം നാലുപേർ മരിച്ചു. ഇന്ത്യക്കാരനായ ആബിദ് അൻസാരി (25), ബംഗ്ലാദേശ് പൗരന്മാരായ മസൂം അലി (45), മുഹമ്മദ് സർദാർ (22), പാകിസ്ഥാൻ പൗരനായ ഷെഹ്‌സാദ് അബ്ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.
ജുബൈൽ ഇൻഡസ്‌ട്രിയൽ ഏരിയയ്‌ക്ക് സമീപമാണ് സംഭവം. റിയാസ് എൻജിഎൽ പ്രൊജക്‌ടിലെ ജോലിക്കാരാണ് മരിച്ചവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ്, ബസിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നീ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.