കമ്പാലത്തറ, വെങ്കലക്കയം ഏരികളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കും

Friday 25 April 2025 1:01 AM IST
വെങ്കലകയം ഏരി(മിനി ഡാം )

ചിറ്റൂർ: നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കൃഷിക്ക് വെള്ളം സംഭരിക്കുന്ന കമ്പാലത്തറ, വെങ്കലക്കയം ഏരികളിൽ(മിനി ഡാം)​ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്ത് സംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തികൾക്ക് സർക്കാർ അനുമതിയായി. ഏരികളുടെ സംഭരണ ശേഷി വർദ്ധിക്കുന്നതിലൂടെ നിലവിലുള്ളതിനേക്കാൾ ഒരു ടി.എം.സിയിലധികം വെള്ളം ഇടതുകര കനാൽ വഴി കൂടുതൽ കൃഷിയിടങ്ങളിലേക്ക് സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ജലസേചന വകുപ്പിന്റെ കണക്കനുസരിച്ച് ഏരികളിൽ 40 ശതമാനത്തിലധികം മണ്ണ് അടിഞ്ഞുകൂടിയുണ്ട്. പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരം ഒരു ജലവർഷത്തിൽ 7.25 ടി.എം.സി വെള്ളമാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ ആളിയാറിൽ നിന്ന് പ്രത്യേക സന്ദർഭങ്ങളിൽ കൂടിയ തോതിൽ വെള്ളം തുറന്നു വിടുമ്പോൾ മൂലത്തറ റെഗുലേറ്ററിൽ എത്തുന്ന വെള്ളം ഇടതുകര കനാലിലേക്ക് തുറക്കുന്നതിനു പുറമെ ചിറ്റൂർ പുഴയിലേക്ക് ഒഴുക്കിവിടേണ്ടതായ സാഹചര്യമാണ് നിലവിലുളളത്. കമ്പാലത്തറ എരിയിൽ സംഭരണശേഷി ആറ് മീറ്റർ ആകുമ്പോഴാണ് ഇടതുകര കനാലിലേക്ക് വെള്ളം തുറന്നിരുന്നത്. എന്നാൽ മൂന്നു മീറ്റർ വെള്ളം മാത്രമേ ഉപയോഗിക്കാനാകു. മണ്ണെടുത്തു സംഭരണശേഷി വർദ്ധിക്കുന്നതോടെ സംഭരിക്കുന്ന ആറ് മീറ്റർ വെള്ളവും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ഈ മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.

കരാറുകാരൻ പണമടയ്ക്കണം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന കെ.കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായാണ് ഡാമുകളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. സാധാരണ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരാറുകാർക്ക് പണം അങ്ങോട്ട്അനുവദിച്ച് നൽകുന്ന രീതിയായിരുന്നു. എന്നാൽ പുതിയ പദ്ധതി അനുസരിച്ച് ഡാമുകളിൽ നിന്നു മണ്ണ് നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത കമ്പനി സർക്കാരിലേക്ക് മുൻകൂർ പണം നൽകണമെന്ന വ്യവസ്ഥയാണുളളത്. ഈ വ്യവസ്ഥയിൽ ഏരികളിൽനിന്ന് നീക്കം ചെയ്യുന്ന മണ്ണും മണലും എല്ലാം കമ്പനിക്ക് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ഈ രണ്ട് ഏരികൾ ആഴം കൂട്ടുന്ന പ്രവർത്തികളിൽ നിന്ന് മാത്രംഎട്ടു കോടിയിൽപരം രൂപ സർക്കാരിന് ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.