ഫോട്ടോഷൂട്ട് കോവളത്തെ റിസോര്‍ട്ടില്‍, പോക്‌സോക്ക് പിന്നാലെ ഫോണ്‍ ഓഫാക്കി മുകേഷ് നായര്‍ മുങ്ങി

Thursday 24 April 2025 9:03 PM IST

തിരുവനന്തപുരം: തനിക്കെതിരായ പോക്‌സോ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു വിഭാഗം വ്‌ളോഗര്‍മാരെന്ന് മുകേഷ് നായര്‍. ആരൊക്കെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് കൃത്യമായി അറിയാമെന്നും മുകേഷ് പറയുന്നു. ഒരു കമ്പനിയുടെ സിഇഒയും ബിസിനസുകാരനുമായ വ്യക്തിയാണ് താനെന്നും ബ്രാന്‍ഡ് പ്രൊമോഷന്‍ പോലുള്ള രംഗത്തേക്ക് വന്നത് പോലും അവിചാരിതമായിട്ടാണെന്നും മുകേഷ് പറഞ്ഞു. പോക്‌സോ കേസിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടേതുള്‍പ്പെടെ ആയിരത്തില്‍ അധികം ഉദ്ഘാടനങ്ങളും ബ്രാന്‍ഡ് പ്രമോഷനും നടത്തിയിട്ടുണ്ട്. പല വ്‌ളോഗര്‍മാരും ചൊറിയും കുത്തിയിരിക്കുകയാണ്. അത് എന്റെ കുഴപ്പമല്ല. പണത്തിന് വേണ്ടിയുള്ള ഇടപാടാണ് ഈ കേസിന് പിന്നിലുള്ളത്. കേസിനെ നിയമപരമായി നേരിടുമെന്നും തന്റെ പക്കല്‍ ഉള്ള എല്ലാ തെളിവുകളും അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും മുകേഷ് നായര്‍ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, പരാതിക്കാരിക്ക് 16 വയസ് മാത്രമേയുള്ളെന്നതിനാല്‍ റീല്‍സ് ചിത്രീകരിക്കാന്‍ അനുമതി വാങ്ങിയാല്‍പോലും കുറ്റകരമാണെന്നാണ് പൊലീസ് നിലപാട്.

മുകേഷിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഫ്‌സല്‍ ഖാന്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പ്രതികരിച്ചത്. കേസ് ഈ മാസം 28ന് പരിഗണിക്കുമെന്നും എല്ലാ തെളിവുകളും കോടതിക്ക് കൈമാറുമെന്നും അഭിഭാഷകന്‍ പറഞ്ഞു. മുകേഷ് കോവളത്തെ ഷൂട്ടില്‍ പങ്കെടുത്തത് അഭിനയിക്കാന്‍ വേണ്ടി മാത്രമാണെന്നും അന്നേ ദിവസം ഷൂട്ട് ചെയ്ത എല്ലാ ദൃശ്യങ്ങളും കോടതിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നും അഫ്‌സല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്‌നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് മുകേഷ് നായര്‍ക്കെതിരായ കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍ ഒന്നരമാസം മുന്‍പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. മുകേഷ് ഇതില്‍ അഭിനയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും ഇവിടെ എത്തിച്ചിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്‌നയായുള്ള ഫോട്ടോകളെടുത്തു.

ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കുട്ടിയില്‍ ഇത് മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് എടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. മുകേഷിനെ അന്വേഷിച്ച് വീട്ടിലുള്‍പ്പെടെ പൊലീസ് എത്തിയിരുന്നു, എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി സ്ഥലംവിട്ടിരിക്കുകയാണ് പ്രതി.

ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തുവന്നിരുന്ന ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലും കേസുകളുണ്ട്. ബാര്‍ ഉടമകളുമായി ചേര്‍ന്ന് നടത്തിയ പരസ്യത്തിന്റെ ഭാഗമായാണ് വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. ഇയാളുടെ ഇന്‍സ്റ്റാഗ്രാം പേജിലടക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നിരവധി വീഡീയോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.