കൊഹ്ലിക്കും പടിക്കലിനും ഹാഫ് സെഞ്ച്വറി, രാജസ്ഥാനെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

Thursday 24 April 2025 9:28 PM IST

ബംഗളൂരു: ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ബംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിരാട് കൊഹ്ലി, ദേവദത്ത് പടിക്കല്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ടിം ഡേവിഡ്, ജിതേഷ് ശര്‍മ്മ എന്നിവരരുടെ അതിവേഗ സ്‌കോറിംഗ് ആണ് 200 കടത്തിയത്.

6.4 ഓവറില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ആര്‍സിബിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഫിലിപ് സാള്‍ട്ട് 26(23) ഹസരംഗയുടെ പന്തില്‍ ഹെറ്റ്മയര്‍ക്ക് പുറത്താകുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വിരാട് കൊഹ്ലി 70(42), ദേവദത്ത് പടിക്കല്‍ 50(27) സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൊഹ്ലി എട്ട് ഫോറും രണ്ട് സിക്‌സും അടിച്ചപ്പോള്‍ പടിക്കലിന്റെ ബാറ്റില്‍ നിന്ന് നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പിറന്നു. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 1(3) റണ്‍സ് മാത്രമേ നേടിയുള്ളു.

15 പന്തുകളില്‍ 23 റണ്‍സെടുത്ത ടിം ഡേവിഡ് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 10 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സന്ദീപ് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്കുംവാണിന്ദു ഹസരംഗയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.