എം.എ.ബേബിയെ വാനോളം  പുകഴ്ത്തി പിണറായി വിജയൻ

Friday 25 April 2025 4:20 AM IST

മാരാമൺ: പദ്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പ്രഥമ പദ്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം എം.എ. ബേബിക്ക് നൽകിയശേഷം അദ്ദേഹത്തെ വാനോളം പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. അടിയന്തരാവസ്ഥയുടെ തീച്ചൂളയിൽ വാർത്തെടുക്കപ്പെട്ട വിദ്യാർത്ഥി നേതാവിൽ നിന്ന് രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ നേതാവായി വളർന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. കെ.എസ്.എഫിലൂടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ആരംഭിച്ച ബേബി ആ പ്രസ്ഥാനത്തെ പിന്നീട് എസ്.എഫ്.ഐആയി പരിവർത്തനം ചെയ്ത് ദേശീയ സംഘടനയായി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വലതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും പൊലീസിന്റെയും അക്രമണം കാരണം അടിച്ചമർത്തപ്പെട്ട എസ്.എഫ്.ഐയെ ശക്തമായ വിദ്യാർത്ഥി പ്രസ്ഥാനമാക്കി മാറ്റി. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവക്യമുയർത്തി ഇന്ത്യയിൽ അദ്യമായി ഒരു സംസ്ഥാന തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ പ്രകടനം സംഘടിപ്പിച്ചത് എം.എ. ബേബിയുടെ നേതൃത്വത്തിലാണ്. അടിച്ചമർത്തുമർത്താൻ ശ്രമിക്കുന്തോറും വീര്യം കൂടുന്ന നിർഭയത്വം അദ്ദേഹം എന്നും പ്രദർശിപ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.