വാടിക്കൊഴിഞ്ഞ് കാശ്മീർ ടൂറിസം
ഭീകര ആക്രമണം ടുലിപ് സീസണിൽ
കൊച്ചി: കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം വിനോദ സഞ്ചാരമേഖലയ്ക്ക് കനത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ടുലിപ് പൂക്കൾ വിരിഞ്ഞ മനോഹര താഴ്‌വാരങ്ങൾ ആസ്വദിക്കാൻ സഞ്ചാരികൾ കൂട്ടമായി പ്രവഹിക്കുന്ന സമയത്തിനിടെ ആക്രമണം നടന്നതോടെ 65 ശതമാനം കുടുംബങ്ങളും ടൂർ പാക്കേജുകൾ റദ്ദാക്കി. അയ്യായിരത്തിലധികം മലയാളികളാണ് പ്രതിദിനം ഇവിടെ എത്തുന്നത്.
മാർച്ച് പകുതിയോടെ പൂവിടുന്ന ടുലിപ് ഏപ്രിൽ അവസാനം കൊഴിഞ്ഞുതുടങ്ങും. മദ്ധ്യവേനൽ അവധിക്കാലത്ത് കാശ്‌മീരിലേക്ക് മലയാളികളുടെ പ്രവാഹമായിരുന്നുവെന്ന് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന ചെയർപേഴ്സൺ മറിയാമ്മ ജോസ് 'കേരളകൗമുദി"യോട് പറഞ്ഞു. 30 മുതൽ 300 വരെ അംഗങ്ങളുള്ള സംഘങ്ങളാണ് ആറു ദിവസം നീളുന്ന പാക്കേജുകളിൽ ഉൾപ്പെടുന്നത്.
കാശ്‌മീരിലെ നൂറുകണക്കിന് ഏജന്റുമാരാണ് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുന്നത്. ശ്രീനഗറിൽ താമസിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ് പതിവ്.
വിമാനങ്ങൾ റദ്ദാക്കി
കാശ്‌മീരിലുള്ള മലയാളിസംഘങ്ങൾ തിരിച്ചുപോരുകയാണ്. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. പാക്കേജുകൾ നിറുത്തിവച്ചതായി ട്രാവൽ ഏജന്റുമാർ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്‌തവർക്ക് പണം മടക്കിനൽകും. വലിയ നഷ്‌ടമാണ് ഏജന്റുമാർക്ക് സംഭവിക്കുന്നത്.
സുരക്ഷിതമായ താഴ്‌വാരം കാശ്‌മീർ യാത്ര ഏതാനും വർഷങ്ങളായി സുരക്ഷിതമായിരുന്നു. യാത്രകൾക്ക് വഴിനീളെ പട്ടാളം സുരക്ഷ ഒരുക്കും. ടൂറിസം ജീവിതമാർഗമായതിനാൽ നാട്ടുകാരും സഞ്ചാരികളെ സ്വീകരിക്കും. മലയാളികൾക്കായി മാത്രം പ്രവർത്തിക്കുന്ന ഏജന്റുമാർ ശ്രീനഗറിലുണ്ട്.
പാക്കേജ്
5 രാത്രി, 6 പകൽ
താമസം: ശ്രീനഗർ
സ്ഥലങ്ങൾ: ഗുൽമാർഗ്, സോൻനാഗ്, പഹൽഗാം
ചെലവ്
വിമാനടിക്കറ്റ് സഹിതം : 60,000 രൂപ
വിമാനടിക്കറ്റില്ലാതെ: 18,000 മുതൽ
യാത്രാരീതി
കൊച്ചി, ഡൽഹി, ശ്രീനഗർ
കൊച്ചി, ബംഗളൂരു, ശ്രീനഗർ
ടുലിപ് പൂന്തോട്ടം
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധിയുടെ പേരിൽ ശ്രീഗനറിലുള്ളത്. പല നിറങ്ങളിലുള്ള 73 തരം ടുലിപ് ചെടികളണ് 55 ഹെക്ടറിലായി വിടർന്നുനിൽക്കുന്നത്.