ലാബിയോ ഉരു, ലാബിയോ ചെകിട പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​ ​ര​ണ്ട് പു​തി​യ​ ​മ​ത്സ്യ​ങ്ങളെ കണ്ടെത്തി

Friday 25 April 2025 1:43 AM IST

കൊച്ചി: പശ്ചിമഘട്ടത്തിൽ ലാബിയോ ഇനത്തിൽപ്പെട്ട രണ്ട് പുതിയ ശുദ്ധജല മത്സ്യയിനങ്ങളെ കണ്ടെത്തി. ലാബിയോ ഉരു, ലാബിയോ ചെകിട എന്ന് ഇവയ്‌ക്ക് പേരിട്ടു. 1870ൽ കണ്ടെത്തിയ ലാബിയോ നിഗ്രിസെൻസിന്റെ ശാസ്ത്രീയമായ തിരിച്ചറിയലും ഉറപ്പാക്കി. നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജനററ്റിക് റിസോഴ്‌സ് സെന്ററിന്റെ കൊച്ചിയിലെ പി.എ.ജി.ആർ സെന്ററിലെ ഗവേഷകർ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യൻ ജേർണൽ ഒഫ് ഫിഷറീസിൽ പ്രസിദ്ധീകരിച്ചു. രാഹുൽ ജി. കുമാർ, ആർ. ചരൺ, വി.എസ്. ബഷീർ എന്നിവരാണ് പഠനം നടത്തിയത്.

കണ്ടെത്തിയത് കേരള,​ കർണാടക നദികളിൽ

കേരളം, കർണാടക നദികളിൽ നിന്നുള്ള സാമ്പിളുകളും പഴയ പഠനങ്ങളും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. കപ്പൽ പായയ്‌ക്ക് സമാനമായ ചിറകുകളുള്ളതിനാൽ ലാബിയോ ഉരു എന്നുപേരിട്ട മത്സ്യത്തെ ചന്ദ്രഗിരി നദിയിലാണ് കണ്ടെത്തിയത്. കറുത്ത ചെറിയ മത്സ്യമാണ് ലാബിയോ ചെകിട. പ്രാദേശികമായി 'കാക്ക ചെകിട" എന്നും വിളിക്കുന്ന മത്സ്യത്തെ ചാലക്കുടിപ്പുഴയിലാണ് കണ്ടെത്തിയത്.1870ൽ കണ്ടെത്തിയ ലാബിയോ നിഗ്രിസെൻസിന്റെ പ്രത്യേകതകൾ, ചിതമ്പലുകളുടെ രീതി എന്നിവ സമാനമായ ഇനങ്ങളിൽ നിന്ന് ഗവേഷകർ വേർതിരിച്ചെടുത്തു.

ഓരോ നദിക്കും സവിശേഷമായ ജീവജാലങ്ങളുണ്ടാകാം. ചില മത്സ്യങ്ങൾ ഒരു നദിയിൽ നിന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഡോ.വി.എസ്. ബഷീർ

ഗവേഷകൻ

പുതിയ ഇനങ്ങളുടെ പ്രജനനവും വളർത്തലും മത്സ്യസംരക്ഷണത്തിനും അക്വാകൾച്ചറിനും വേണ്ടിയാണ്.

ഡോ. അജിത് കുമാർ

പി.എ.ജി.ആർ മേധാവി