ആഴ്സനലിന് സമനില, കിരീടത്തിന് അടുത്തെത്തി ലിവർപൂൾ

Thursday 24 April 2025 10:54 PM IST

ലണ്ടൻ : ആഴ്സനലും ക്രിസ്റ്റൽ പാലസും തമ്മിൽ കഴിഞ്ഞ രാത്രി നടന്ന മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞതോടെ ലിവർപൂളും ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടവും തമ്മിലുള്ള വ്യത്യാസം ഒരൊറ്റപ്പോയിന്റായി ചുരുങ്ങി. ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മത്സരത്തിൽ സമനില പിടിച്ചാൽപോലും ലിവർപൂളിന് നാലുമത്സരം ശേഷിക്കേ കിരീടത്തിൽ മുത്തമിടാം.

പ്രിമിയർ ലീഗിൽ 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിനുള്ളത്. ഒന്നാമതുള്ള ലിവർപൂളിന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റും.അടുത്ത കളിയിൽ സമനില നേടിയാൽതന്നെ ലിവർപൂളിന് 80 പോയിന്റാകും. പിന്നീടുള്ള എല്ലാകളികളിലും തോറ്റാലും മറ്റാർക്കും കിരീടം നേടാനാവില്ല.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ആഴ്സനൽ ക്രിസ്റ്റൽ പാലസുമായി സമനില വഴങ്ങിയത്. മൂന്നാം മിനിട്ടിൽ യാക്കൂബ് കിവിയോറിലൂടെ ആദ്യം മുന്നിലെത്തിയത് ആഴ്സനലാണ്. 27-ാം മിനിട്ടിൽ എബരേച്ചി എസെയിലൂടെ ക്രിസ്റ്റൽ പാലസ് ആദ്യം തുല്യതയിലെത്തി. 42-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാഡ് വീണ്ടും ആഴ്സനലിനെ മുന്നിലെത്തിച്ചു. പക്ഷേ 83-ാം മിനിട്ടിൽ മറ്റേറ്റയുടെ ഗോൾ മത്സരത്തിന്റെ വിധിയെഴുതി.