ഒറ്റ ഗോളിന് റയൽ ജയം

Thursday 24 April 2025 10:56 PM IST

മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഏകഗോളിന് ഗെറ്റാഫയെ കീഴടക്കി റയൽ മാഡ്രിഡ്. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 21-ാം മിനിട്ടിൽ അർദ ഗ്യുലേറാണ് റയലിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിലുടനീളം റയലിനെ വെള്ളംകുടിപ്പിച്ചെങ്കിലും ഗെറ്റാഫെയ്ക്ക് സ്കോർ ചെയ്യാനായില്ല.

33 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ. ഇത്രയും മത്സരങ്ങളിൽ നിന്ന് 76 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്. ശനിയാഴ്ച ബാഴ്സയ്ക്ക് എതിരെ കിംഗ്സ് കപ്പ് ഫൈനലിനിറങ്ങുന്ന റയലിന് ഈ വിജയം ആവേശം പകരുന്നെങ്കിലും കാമാവിംഗ,ഡേവിഡ് ആൽബ എന്നിവർക്ക് പരിക്കേറ്റത് തിരിച്ചടിയാണ്.