അഞ്ജുവിനെ സാക്ഷിയാക്കി റെക്കാഡ് തിരുത്തി ശൈലി

Thursday 24 April 2025 11:00 PM IST

ലോംഗ് ജമ്പിലെ ഇന്ത്യൻ വനിതാ സൂപ്പർ സ്റ്റാറായിരുന്ന അഞ്ജു ബോബി ജോർജിനെ സാക്ഷിയാക്കി പ്രിയ ശിഷ്യ ഇന്നലെ ഫെഡറേഷൻ കപ്പിലെ അഞ്ജുവിന്റെ മീറ്റ് റെക്കാഡ് തിരുത്തിയെഴുതി. 13 വർഷം മുമ്പ് 2002ൽ അഞ്ജുകുറിച്ച 6.59 മീറ്ററിന്റെ മീറ്റ് റെക്കാഡാണ് ഉത്തർപ്രദേശുകാരിയായ ശൈലി ചാടിക്കടന്നത്. അഞ്ജുവിന്റെ ബെംഗളുരുവിലെ അക്കാഡമിയിലാണ് വർഷങ്ങളായി ശൈലി പരിശീലിക്കുന്നത്. അഞ്ജുവിനെ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമുൾപ്പടെ മികച്ച പ്രകടനത്തിലേക്ക് വഴികാട്ടിയ ഭർത്താവ്കൂടിയായ റോബർട്ട് ബോബി ജോർജാണ് ശൈലിയുടെയും പരിശീലകൻ.

ജൂനിയർ തലത്തിലെ ശൈലിയുടെ പ്രകടനം കണ്ട് തങ്ങളുടെ അക്കാഡമിയിലേക്ക് ശൈലിയെ കൂട്ടിയതാണ് അഞ്ജുവും ബോബിയും. അഞ്ജുവിന്റെ യഥാർത്ഥ പിൻഗാമിയെത്തേടിയുള്ള അന്വേഷണമാണ് ഇവരെ ബെംഗളുരുവിൽ അക്കാഡമി സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഈ അക്കാഡമിയിലെ ആദ്യകാല ശിഷ്യരിൽപെട്ടതാണ് ശൈലി. നിരവധി ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ ശൈലി മെഡൽ നേടിക്കഴിഞ്ഞു.

എങ്കിലും ശൈലിയിൽ നിന്ന് റോബർട്ട് പ്രതീക്ഷിക്കുന്നത് മറ്റൊന്നാണ്. അഞ്ജുവിന്റെ പേരിലുള്ള 6.83 മീറ്ററിന്റെ ദേശീയ റെക്കാഡ് മറികടക്കുക. ആ ലക്ഷ്യത്തിലേക്കുള്ള കഠിന പ്രയത്നത്തിലാണ് അഞ്ജുവും ബോബിയും ശൈലിയും.

2023ൽ ബെംഗളുരുവിൽ വച്ച് 6.76 മീറ്റർ ചാടിയതാണ് ശൈലിയുടെ കരിയർ ബെസ്റ്റ് പ്രകടനം.

2021ലെ അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 6.59 മീറ്റർ ചാടി ശൈലി വെള്ളി നേടിയിരുന്നു.

2023 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 6.54 മീറ്റർ ചാടി വെള്ളി നേടി.

21 വയസേ ശൈലിക്ക് ആയിട്ടുള്ളൂ. കൊറോണയും ഇൻജുറിയുമൊക്കെ കഴിഞ്ഞ് പീക്ക് പെർഫോമൻസിലേക്ക് എത്തുന്നതേയുള്ളൂ. അഞ്ജുവിന്റെ ദേശീയ റെക്കാഡ് മറികടക്കുവാൻ ഏറ്റവും മികച്ച സാദ്ധ്യതകളാണ് ശൈലിക്ക് മുന്നിലുള്ളത്.

- റോബർട്ട് ബോബി ജോർജ്

അനിമേഷ് കുജൂർ

200 മീറ്റർ

20.40 സെക്കൻഡ്

പ്രവീൺ ചിത്രവേൽ

ട്രിപ്പിൾ ജമ്പ്

17.37 മീറ്റർ

അബ്ദുള്ള അബൂബേക്കർ

ട്രിപ്പിൾ ജമ്പ്

16.99 മീറ്റർ

പൂജ

ഹൈജമ്പ്

1.84 മീറ്റർ

ശൈലി സിംഗ്

ലോംഗ് ജമ്പ്

6.64 മീറ്റർ

ആൻസി സോജൻ

ലോംഗ്ജമ്പ്

6.46 മീറ്റർ