സുരക്ഷ കൂട്ടാൻ റെയിൽവേ പൊലീസ്; ഇനി പട്രോളിംഗ് 120 ട്രെയിനുകളിൽ
കൊച്ചി: കേരളത്തിൽ ദീർഘദൂര ട്രെയിനുകളിലുൾപ്പെടെ സുരക്ഷ ശക്തമാക്കാൻ കർമ്മപദ്ധതിയുമായി റെയിൽവേ പൊലീസ്. രാത്രികാല ട്രെയിനുകളിൽ കൂടുതൽ പട്രോളിംഗ് ഏർപ്പെടുത്തും. ഇതിനായി റെയിൽവേ പൊലീസുകാരുടെ ജോലിസമയം ക്രമീകരിക്കും. തിരക്കേറിയ നാല് റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് എയ്ഡ്പോസ്റ്റ് തുറക്കും. മാറ്റങ്ങൾ ഈയാഴ്ച നടപ്പിലാകും.
ട്രെയിനുകളിലും സ്റ്റേഷനുകളിലുമുണ്ടായ കുറ്റകൃത്യങ്ങളും റെയിൽവേ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും കണക്കിലെടുത്താണ് റെയിൽവേ എസ്.പി ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയത്. 75ഓളം ട്രെയിനുകളിൽ മാത്രമായിരുന്ന പട്രോളിംഗും ബീറ്റും ഇനി 120 ട്രെയിനുകളിലുണ്ടാകും. ഇതോടെ കേരളത്തിലൂടെ പോകുന്ന പകുതിയിലേറെ ട്രെയിനുകളിൽ റെയിൽവേ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകളെ ഉൾപ്പെടുത്തും.
നാല് ട്രെയിനുകളിലായി
എട്ട് മണിക്കൂർ ഡ്യൂട്ടി
ജി.ആർ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റെയിൽവേ പൊലീസിൽ 738 സേനാംഗങ്ങൾ മാത്രമാണുള്ളത്. രാത്രി ഇരുദിശകളിൽ രണ്ട് ട്രെയിനുകളിലായി എട്ട് മണിക്കൂറാണ് രണ്ടംഗടീമിന്റെ ജോലിസമയം. ഇത് നാല് ട്രെയിനുകളിലായി രണ്ട് മണിക്കൂർ വീതം എട്ടു മണിക്കൂർ എന്നായി പുന:ക്രമീകരിച്ചു. ദൈർഘ്യമേറിയ പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് വിലയിരുത്തിയാണ് ഈ മാറ്റം.
പ്ലാറ്റ്ഫോം സുരക്ഷ ശക്തമാക്കും
കേരളത്തിൽ തിരുവനന്തപുരം, പാലക്കാട്, മധുര ഡിവിഷനുകളുടെ പരിധിയിലായി 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളുണ്ട്. സ്റ്റേഷനുകളില്ലാത്ത കായംകുളം, ആലുവ, തലശേരി സ്റ്റേഷനുകളിലാണ് എയ്ഡ്പോസ്റ്റ് തുറക്കുക. തിരൂരിൽ കഴിഞ്ഞദിവസം എയ്ഡ്പോസ്റ്റ് പ്രവർത്തനം തുടങ്ങി. കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, തൃപ്പൂണിത്തുറ, പിറവംറോഡ്, തുറവൂർ, ചേർത്തല, പരവൂർ (കൊല്ലം ജില്ല) എന്നീ സ്റ്റേഷനുകളിലും ജി.ആർ.പി സാന്നിദ്ധ്യവും നിരീക്ഷണവും ശക്തമാക്കും. മാഹിയിൽ നിലവിൽ നിരീക്ഷണമുണ്ട്.
യാത്രക്കാർ കൂടി, കുറ്റകൃത്യവും
കേരളത്തിൽ ദേശീയപാത വികസനം നടക്കുന്നതിനാൽ റോഡ് ഗതാഗത തടസം മൂലം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു. എ.സി കോച്ചുകളിൽ പോലും മൊബൈൽ ഫോൺ മോഷണവും ലഗേജ് തട്ടിയെടുക്കലും വർദ്ധിച്ചു. മൂന്നു മാസത്തിനിടെ 270 കിലോ കഞ്ചാവാണ് റെയിൽവേ പൊലീസ് പിടികൂടിയത്. പ്ലാറ്റ്ഫോമുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷണം പോകുന്നതും വർദ്ധിച്ചു.