അന്തംവിട്ട അമ്പയർ എന്തും ചെയ്യും

Thursday 24 April 2025 11:03 PM IST

ഹൈദരാബാദ് : ബാറ്റിൽകൊള്ളാതെ വൈഡ് പോയ പന്തിൽ കീപ്പർ ക്യാച്ച് സമ്മതിച്ച് മടങ്ങിയ ഇഷാൻ കിഷനും വൈഡ് വിളിക്കാൻ ഒരുങ്ങിയപ്പോൾ ബാറ്റർ തിരിച്ചുനടക്കുന്നത് കണ്ട് ഔട്ട് വിളിച്ച അമ്പയറുമാണ് ഇപ്പോൾ ഐ.പി.എല്ലിലെ വൈറൽ താരങ്ങൾ. മുംബയ് ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. മുംബൈ ഇന്ത്യൻസ് താരം ദീപക് ചഹർ എറിഞ്ഞ പന്തിൽ അമ്പയർ വൈഡ് വിളിക്കാൻ ഒരുങ്ങുമ്പോഴാണ് സ്വയം ഔട്ട് വരിച്ച് ഇഷാൻ കിഷൻ പവലിയനിലേക്ക് നടന്നത്. ഇതോടെ വൈഡ‍് വിളിക്കാനൊരുങ്ങിയ അമ്പയർ ഇശാന്ത് ശേഷൻ ഔട്ട് വിളിക്കുകയായിരുന്നു.

പിന്നീട് റീപ്ളേ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ കൊണ്ടില്ലെന്ന് വ്യക്തമായിരുന്നു. സ്വയം ഔട്ട് സമ്മതിച്ച ഇഷാനെ സൂര്യകുമാർ യാദവ് ഉൾപ്പടെയുള്ള മുംബയ് താരങ്ങൾ തോളത്ത് തട്ടിയാണ് മടക്കി അയച്ചത്. കഴിഞ്ഞ സീസൺ വരെ മുംബയ് ഇന്ത്യൻസ് താരമായിരുന്ന ഇഷാൻ കിഷൻ പഴയ ടീമിനോടുള്ള സ്നേഹം കാട്ടിയതാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. സ്വയം തീരുമാനമെടുക്കാതെ, ബൗളിംഗ് ടീമിന്റെ അപ്പീൽ പോലുമില്ലാതെ അന്തംവിട്ട് ബാറ്റർക്കൊപ്പം നിന്ന അമ്പയർ ഇശാന്ത് ശേഷനും എയറിലാണ്. കാശുവാങ്ങുന്ന അമ്പയർ അൽപ്പമെങ്കിലും പണിയെടുക്കേണ്ടേ എന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ചോദിച്ചത്.