ആരതിയുടെ മനസിൽ ചോരയിൽ മുങ്ങിയ അച്ഛൻ

Friday 25 April 2025 4:00 AM IST

കൊച്ചി: കാശ്മീരിൽ ഭീകരരുടെ തോക്കിനിരയായ എൻ. രാമചന്ദ്രന്റെ അവസാന നിമിഷങ്ങൾ മകൾ ആരതിയുടെ മനസിൽ തീരാനോവായി.

അച്ഛനെ വെടിവച്ചുകൊന്ന ഭീകരന്റെ മുഖവും രൂപവും ഒരിക്കലും മറക്കില്ലെന്ന് ആരതി.

പുൽമേട്ടിൽ ദൂരത്തായി ഒരാൾ നിന്ന് വെടിവയ്‌ക്കുന്നത് കണ്ടു. ഉടനെ ഞങ്ങൾ താഴെ കിടന്നു. കുറച്ചുകഴിഞ്ഞ് മറ്റുള്ളവർക്കൊപ്പം താഴേക്ക് ഓടി. അപ്പോഴാണ് തോക്കുമായി ഒരാൾ കാട്ടിൽ നിന്നിറങ്ങി വന്നതും അച്ഛനെ കൊന്നതും. ചോരയിൽ കുതിർന്ന അച്ഛനെ കെട്ടിപ്പിടിച്ചു കരയവേ എന്റെ തലയിലും തോക്കുവച്ചു. കുഞ്ഞുങ്ങൾ അലറിവിളിച്ചു. അതോടെ അയാളുടെ ശ്രദ്ധമാറി. ഉടനെ കാടിനരികിലൂടെ താഴേക്ക് ഓടിയിറങ്ങി. ചതുപ്പിലൂടെയും കല്ലുകൾക്ക് മുകളിലൂടെയും കുഞ്ഞുങ്ങളുമായി പാഞ്ഞു. കുറച്ചുകഴിഞ്ഞാണ് മറ്റുള്ളവരെ കണ്ടത്.

രാമചന്ദ്രന്റെ ഇളയമകളാണ് ആരതി. ഭർത്താവ് ശരത്തിനൊപ്പം ദുബായിലായിരുന്നു. ഇരട്ടക്കുട്ടികളായ ദ്രുപദിനെയും കേദാറിനെയും നാട്ടിലെ സ്കൂളിലേക്ക് മാറ്റുന്നതിനാലാണ് നാല് മാസം മുമ്പ് വീട്ടിലെത്തിയത്.

രക്ഷകരായി വന്നവർക്കും നന്ദി പറയുകയാണ് ആരതി.

കാട്ടിൽ നിന്നിറങ്ങി വന്നപ്പോൾ കണ്ട ഹിൽട്ടൻ ഹോട്ടലുകാർ അമ്മയെയും തന്നെയും മക്കളെയും ലോബിയിൽ ഇരുത്തി. മുറി തന്നു. പണം വാങ്ങിയില്ല.ഡ്രൈവറായി വന്ന മുസാഫിറും മറ്റൊരു ഡ്രൈവർ സമീറും കാവലായി കൂടെ നിന്നു. ആശുപത്രിയിൽ അച്ഛന്റെ മൃതദേഹം തിരിച്ചറിയാൻ പോകാനും സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു തരാനും രണ്ടുപേരും കൂടെവന്നു. എയർപോർട്ടിൽ വരെ ഒപ്പമുണ്ടായിരുന്നു. സ്വന്തം സഹോദരങ്ങളാണ് നിങ്ങളെന്നും അള്ളാ നിങ്ങളെ രക്ഷിക്കട്ടെയെന്നും പറഞ്ഞാണ് മടങ്ങിയത്.