വയനാട്ടിൽ കാട്ടാന ഒരാളെക്കൂടി കൊലപ്പെടുത്തി

Friday 25 April 2025 4:42 AM IST

കൽപ്പറ്റ: കാട്ടാനക്കലിയിൽ വനമേഖലയിൽ ഒരു ജീവൻകൂടി നഷ്ടമായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമക്കൊല്ലി ഉന്നതിയിലെ അറുമുഖന്റെ ജീവനാണ് (70) പൊലിഞ്ഞത്. ഇന്നലെ രാത്രി 9 ഓടെയാണ് സംഭവം. മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരികയായിരുന്നു അറുമുഖൻ. ഉന്നതിക്ക് തൊട്ടടുത്തുള്ള തേയില തോട്ടത്തിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. അറുമുഖനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് രാത്രിയും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഡി.എഫ്.ഒ അജിത് കെ.രാമൻ സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. എളമ്പിലേരി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു അറുമുഖം. 50വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്കെത്തിയത്. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യൻ, രാജൻ. ഒന്നര മാസം മുമ്പ് അട്ടമല സ്വദേശി ബാലകൃഷ്ണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.