ശാഖാ സെക്രട്ടറിയെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ

Thursday 24 April 2025 11:47 PM IST

ഏനാത്ത്: ഗുരു മന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് എസ്.എൻ.ഡി.പി യോഗം നെല്ലിമുകൾ ശാഖാ സെക്രട്ടറിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷൈജുവാണ് പിടിയിലായത്. ഈമാസം 17 നായിരുന്നു പ്രതിഷ്ഠാ വാർഷികം നടന്നത്. അന്ന് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് പറഞ്ഞ് ഇയാൾ, ശാഖാ സെക്രട്ടറി കടമ്പനാട് വടക്ക് നെല്ലിമുകൾ അരുൺ നിവാസിൽ അരുൺ സുദർശനനെയാണ് രാത്രി 9.30 ന് ഫോണിലൂടെ അസഭ്യം വിളിച്ചത്. തുടർന്ന് വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു. വീട്ടിലെത്തി അമ്മയോടും ഭാര്യയോടുമാണ് അരുണിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാൻ ഷൈജു മുമ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതിൽ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്. 21 നാണ് അരുൺ പൊലീസിൽ മൊഴിനൽകിയത്. എസ്.ഐ ആർ.ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലുകൾക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചു.