ഗവി ബസ് വീണ്ടും വനത്തിൽ കുടുങ്ങി

Thursday 24 April 2025 11:57 PM IST

പത്തനംതിട്ട: യാത്രക്കാരെ വഴിയാധാരമാക്കി പത്തനംതിട്ട ഗവി കുമളി ബസ് വീണ്ടും കൊടും വനത്തിൽ കുടുങ്ങി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ ആറരയോടെ മൂഴിയാർ വഴി കുമളിക്ക് യാത്ര തിരിച്ച ആർ.എ.സി 497 നമ്പർ ബസാണ് വീൽ ജാമായതിനെ തുടർന്ന് അരണമുടിക്ക് സമീപം തകരാറിലായത്. യാത്രക്കാരിൽ അധികവും ആങ്ങമൂഴി , മൂഴിയാർ, കൊച്ചു പമ്പ , വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ ഉള്ളവരായിരുന്നു. 38 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. അനക്കാട്ടിൽ യാത്രക്കാർ മൂന്നര മണിക്കൂറോളം കുടുങ്ങി. പത്തനംതിട്ട ഡപ്പോയിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബസ് പുറപ്പെട്ടു. ബസിൽ മെക്കാനിക് വിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു. ഒന്നരയോടെ ഈ ബസ് അരണമുടിയിൽ എത്തി യാത്രക്കാരുമായി ഗവി കുമളി റൂട്ടിലേക്ക് പോയി. തകരാറായ ബസിന് പത്തുവർഷത്തിൽ താഴെ പഴക്കമുള്ളു എന്നാണ് വിശദീകരണം. കഴിഞ്ഞ 17ന് കൊല്ലം ചടയമംഗലത്തു നിന്നും വിനോദ സഞ്ചാരികളുമായി പോയ കെ.എസ്.ആർ.ടി.സി ബസ് അരണമുടിക്ക് സമീപം കേടായിരുന്നു. തുടർന്ന് യാത്രക്കാർ അഞ്ചു മണിക്കൂറാണ് മഴയത്ത് വനത്തിൽ കഴിച്ചുകൂട്ടിയത്. വിവരം അറിഞ്ഞ് പത്തനംതിട്ട ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് അയച്ച് യാത്രക്കാരെ അതിൽ കയറ്റിയെങ്കിലും പത്തുമീറ്റർ മാത്രം ഓടി ആ ബസും നിശ്ചലമായി. ഭക്ഷണം കഴിക്കാതെ മണിക്കൂറുകളോളം വലഞ്ഞ യാത്രക്കാർ കുമളിയിൽ നിന്ന് വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങുകയായിരുന്നു .