സി.പി.ഐ ദേശീയ കൗൺസിൽ തുടങ്ങി

Friday 25 April 2025 12:21 AM IST

തിരുവനന്തപുരം: സി.പി.ഐ ദേശീയ കൗൺസിൽ യോഗം തിരുവനന്തപുരത്ത് എം.എൻ സ്മാരകത്തിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. ഇന്ന് യോഗം സമാപിക്കും. സെപ്തംബർ 21 മുതൽ 25വരെ ചണ്ഡിഗഡിൽ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയുടെ ചർച്ചയാണ് പ്രധാന അജണ്ട. ഇക്കാലയളവിൽ നടന്നുവരുന്ന സംസ്ഥാന സമ്മേളനങ്ങളും വിലയിരുത്തും. മ്യൂസിയം ജംഗ്ഷനിലുള്ള സി.അച്യുതമേനോന്റെ പ്രതിമയിൽ ജനറൽ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, ഡോ.കെ.നാരായണ, പല്ലബ് സെൻഗുപ്ത, അമർജിത് കൗർ, ഡോ. ഗിരീഷ് ശർമ്മ, ആനി രാജ, രാമകൃഷ്ണ പാണ്ട, മഹേന്ദ്രനാഥ് ഓജ, ഡോ. ബി. കെ. കാങ്കോ എന്നിവരും ദേശീയ കൗൺസിൽ അംഗങ്ങളും പുഷ്പാർച്ചന നടത്തി. 23 സംസ്ഥാനങ്ങളിൽ നിന്ന് 114 അംഗങ്ങളാണ് ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത്.