സംസ്ഥാനം 2000 കോടി വായ്പയെടുക്കും

Friday 25 April 2025 1:34 AM IST

തിരുവനന്തപുരം: മേയ് ഒന്നു മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിന്റെ കമ്മി മറികടക്കാൻ സംസ്ഥാനം 2000 കോടിരൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തെ ആദ്യകടമെടുപ്പാണിത്. വായ്പയെടുക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 3 ശതമാനം സംസ്ഥാനങ്ങൾക്ക് കടമെടുക്കാം. വൈദ്യുതി മേഖലയിലെ പരിഷ്കാരത്തിന്റെ പേരിൽ 0.5 ശതമാനവും കിട്ടും. ഈ വർഷത്തെ പ്രതീക്ഷിത ജി.എസ്.ഡി.പി 14,27,145 കോടിയെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. ഇതിന്റെ മൂന്നുശതമാനം 42,814 കോടിവരും. വൈദ്യുതി മേഖലാപരിഷ്കാരങ്ങളുടെ പേരിൽ 7136 കോടിയും ചേർത്ത് 49,950 കോടിയുടെ വായ്പയെടുക്കാനുള്ള അവകാശമാണ് കിട്ടേണ്ടത്. 4000 കോടിയുടെ താത്കാലികാനുമതി കിട്ടിയിട്ടുണ്ട്. അതിൽ നിന്നാണ് 2000കോടിരൂപ കടമെടുക്കുന്നത്.