കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി
കൊല്ലം/ പാലക്കാട്/ കോട്ടയം: സംസ്ഥാനത്തെ മൂന്ന് കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ഇന്നലെ ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കൊല്ലം കളക്ടറേറ്റിൽ സൾഫർ മിശ്രിതം കൊണ്ടുള്ള സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ജീവനക്കാരെയും ജനങ്ങളെയും ഒഴിപ്പിക്കണമെന്നുമാണ് കളക്ടറുടെ ഔദ്യോഗിക ഇ- മെയിലിൽ സന്ദേശമെത്തിയത്.
രാവിലെ 7.15ഓടെയാണ് പാലക്കാട് കളക്ടറേറ്റിലേക്ക് ഇ- മെയിൽ സന്ദേശമെത്തിയത്. രണ്ടുമണിക്ക് ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവും അഗ്നിശമന സേനയും ഡോഗ് സ്വകാഡും ജീവനക്കാരെ ഒഴിപ്പിച്ച് പരിശോധിച്ചു.
ഉച്ചയോടെയാണ് കോട്ടയം കളക്ടറുടെ മെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തുടർന്ന് ജീവനക്കാരെയും, വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും പൊലീസ് പുറത്തിറക്കി.