കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതിക്ക് എതിരെ അവിശ്വാസം പാസായി

Friday 25 April 2025 1:38 AM IST

തിരുവനന്തപുരം: സംസ്ഥാന കാർഷിക ഗ്രാമ വികസന സഹകരണ ബാങ്കിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എന്നാൽ, അവിശ്വാസം പരിഗണിക്കുന്നതിനെതിരെ ഭരണസമിതി നൽകിയ ഹർജിയിൽ അന്തിമവിധി വരുന്നതു വരെ യോഗനടപടികളിലെ തീരുമാനം മരവിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ഇന്നലെ സഹകരണ അഡി. രജിസ്ട്രാർ വിളിച്ചുചേർത്ത പൊതുയോഗത്തിൽ ഡയറക്ടർ ബോ‌‌ർഡിലെ പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 37നെതിരെ 40 വോട്ടുകൾക്കാണ് പാസായത്. ബാങ്കിലെ അംഗസംഘങ്ങളിലെ 77 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബാങ്ക് ഡയറക്ടർ ബോർഡിൽ 11 യു.ഡിഎഫ് പ്രതിനിധികളും നാല് ഇടതുമുന്നണി പ്രതിനിധികളുമാണുള്ളത്.

എന്നാൽ, അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള അംഗസംഘങ്ങളിലെ പ്രതിനിധികളും വോട്ട് ചെയ്തതാണ് അവിശ്വാസം പാസാകാൻ കാരണമെന്ന് യു.ഡി.എഫ് പ്രതിനിധികൾ ആരോപിച്ചു. അതേസമയം, നിലവിലെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായെന്നും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും പ്രതിപക്ഷ ഡയറക്ടർ ബോർഡംഗം ജി.ഹരിശങ്കർ പറഞ്ഞു.