പൂമ്പാറ ഭാഗത്ത്‌ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Friday 25 April 2025 1:38 AM IST

കുളത്തുപ്പുഴ :ജനവാസ മേഖലയിൽ, പൂമ്പാറ ഭാഗത്ത്‌ കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. വാഴ, കമുക്, തെങ്ങ്, പ്ലാവ് ഉൾപ്പെടെ നശിപ്പിച്ചിട്ടാണ് ആനക്കൂട്ടം മടങ്ങിയത്. അടുത്ത ദിവസം പുലർച്ചെ കർഷകർ ചെന്നു നോക്കിയപ്പോഴാണ് കൃഷിയിടങ്ങൾ ആനക്കൂട്ടം നശിപ്പിച്ച നിലയിൽ കാണുന്നത്. ഉടനെ അഞ്ചൽ റേഞ്ചിൽ പെട്ട കളംകുന്ന് സെക്ഷൻ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസ്,ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ, രമ്യ,റിസർവ് ഫോറസ്റ്റ് വാച്ചർമാരായ അനൂപ് ഭാസ്കർ, ജയശ്രീ എന്നിവർ സ്ഥലത്ത് വരികയും കർഷകർക്ക് ഉണ്ടായ നാശ നഷ്ടകണക്കുകൾ എടുക്കുകയും ചെയ്തു. കൂടാതെ വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൗരോർജ വേലികൾ സ്ഥാപിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അഞ്ചൽ റെഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാർ പറഞ്ഞു.