പുന്നലയിൽ തെരുവുനായ ശല്യം രൂക്ഷം
Friday 25 April 2025 1:39 AM IST
കൊട്ടാരക്കര: പുന്നലയിൽ തെരുവുനായ ശല്യം പെരുകുന്നു. നാട്ടുകാർ ഭീതിയിൽ. ഇന്നലെ രാവിലെ പത്രവിതരണക്കാരനായ പുന്നല പ്രീജാഭവനിൽ എം.എൻ. പുഷ്പാംഗദന് തെരുവു നായയുടെ കടിയേറ്റു. പത്രവിതരണത്തിനിടെ തെരുവു നായയുടെ കടിയേറ്റ പുഷ്പാംഗദൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കുറച്ചുനാളായി പുന്നല ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. തെരുവു നായകൾ സ്കൂൾ വിദ്യാർത്ഥികൾക്കും കാൽ നടയാത്രക്കാരായ പൊതുജനങ്ങൾക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കാൻ ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പൊതു പ്രവർത്തകനായ ബിജു തുണ്ടിൽ അധികൃതർക്ക് നിവേദനം നൽകി.