ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Friday 25 April 2025 1:43 AM IST
ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ

കുളത്തൂപ്പുഴ: വീടിനോട് ചേർന്നുള്ള ചായക്കടയിലിരുന്ന് ചായ കുടിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം മൂന്നുമുക്ക് അമ്പാടിയിൽ വീട്ടിൽ സുധീഷിന്റെ മകൻ സുധിക്കാണ് (17) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെയായിരുന്നു സംഭവം.

മഴയ്ക്ക് മുന്നേയുള്ള ശക്തമായ ഇടിമിന്നലാണ് സുധിക്ക് പരിക്കേറ്റത്. വിദ്യാർത്ഥിയുടെ ശരീരത്തിന്റെ ഒരു ഭാഗം പൂർണമായും തളർന്നു. വീട്ടുകാർ ഉടൻ ഗ്രാമപഞ്ചായത്ത്‌ അംഗം ഷീലാസത്യനെ വിവരം അറിയിച്ചു. ഇവരും നാട്ടുകാരും ചേർന്ന് സുധിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ല.