എത്തിക്സിന്റെ പേരിൽ കൈയൊഴിഞ്ഞു: 51 കാരനെ ജീവിതത്തിലേക്ക് നടത്തി ടീം ശങ്കേഴ്സ്
കൊല്ലം: വീഴ്ചയിൽ കഴുത്തിലുണ്ടായ രണ്ട് ഒടിവുകളെ തുടർന്ന് ശയ്യാവലംബിയായ 52 കാരന്റെ അത്യന്തം ദുഷ്കരമായ ശസ്ത്രക്രിയ വിജയിപ്പിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം.
ഗായകനും ഡോക്യുമെന്ററി സംവിധായകനുമായ ബിജു.വി.എസ് തിരുമുല്ലവാരമാണ് മാസങ്ങളുടെ കിടപ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വരുന്നത്.
സങ്കീർണതയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞപ്പോഴാണ് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഡോക്ടർമാർ വെല്ലുവിളി ഏറ്രെടുത്തത്. സുക്ഷ്മന നാഡിയിലെ ഒരു കശേരുവും രണ്ട് ഡിസ്കുകളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഏറ്രെടുക്കുമ്പോൾ അനസ്തേഷ്യ നൽകുന്നത് പോലും വലിയ വെല്ലുവിളിയായെന്ന് ന്യൂറോളജി സീനിയർ കൺസൾട്ടന്റും സ്പൈനൽ സർജനുമായ ഡോ. എസ്.ജയകുമാരൻ പറയുന്നു. ദീർഘകാലമായി അനുഭവിക്കുന്ന വാതരോഗങ്ങളെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായി ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ രണ്ട് ഇടുപ്പെല്ലുകൾ മാറ്റിവച്ച ശസ്ത്രക്രിയ കഴിഞ്ഞതിനാലാണ് അനസ്തേഷ്യ ദുഷ്കരമായത്.
എൻഡോസ്കോപ്പിന്റെ സഹായത്തോടെ ശ്വാസകോശത്തിലൂടെ ട്യൂബ് വഴി അനസ്തേഷ്യ നൽകുന്ന അനിതരസാധാരണ പ്രക്രിയയിലൂടെയാണ് രോഗിയെ മയക്കിയത്. കൈകാലുകൾ തളർന്ന് ഏകദേശം നിശ്ചലാവസ്ഥയിലാണ് ബിജു ചികിത്സ തേടിയെത്തിയതെന്ന് ഡോ. ജയകുമാരൻ ഓർക്കുന്നു. സുക്ഷ്മന നാഡിയിലെ സാന്ദ്രീകരണവും മറ്രൊരു വെല്ലുവിളിയായി.
പൂർവസ്ഥിതിയിലാകാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് ഡോക്ടർ അറിയിച്ചിരുന്നതെങ്കിലും ആദ്യറിവ്യൂവിന് തന്നെ ബിജു നടന്നെത്തിയത് മെഡിക്കൽ ടീമിനെ അതിശയിപ്പിച്ചു. ഒരു ശതമാനമെങ്കിലും പ്രതീക്ഷയില്ലാത്ത കേസുകളിൽ സർജറി മെഡിക്കൽ എത്തിക്സിന് ചേർന്നതല്ലെന്ന നിഗമനമാണ് കൊല്ലം ശങ്കേഴ്സ് ആശുപത്രി തിരുത്തിക്കുറിച്ചതെന്ന് ബിജു പറയുന്നു.
ഡോ. ജയകുമാരനൊപ്പം അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഷാജി, ഡോ.ദിലീപ്, ടെക്നീഷ്യൻ ഷിജിൻ, സ്റ്റാഫ് നഴ്സുമാരായ ലേഖ, ഷൈനി എന്നിവരും പങ്കെടുത്തു.