കപ്പൽ യാത്രയ്ക്കിടെ ബാലന് പീഡനം: 20കാരൻ അറസ്റ്റിൽ
കൊച്ചി: കപ്പൽ യാത്രയ്‌ക്കിടെ നാലര വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ ലക്ഷദ്വീപ് കടമത്ത് വടക്കുംതല ഷുക്കൂർ മൻസിലിൽ ഷെമീർഖാനെ (20) ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. 2012ൽ പോക്സോ നിയമം നിലവിൽ വന്ന ശേഷം കപ്പലിലുള്ള പീഡനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
22ന് കവരത്തിയിൽ നിന്ന് പുറപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എച്ച്.എസ്.സി പെരളി യാത്രാക്കപ്പലിലായിരുന്നു സംഭവം. രോഗബാധിതയായ കുട്ടിയുടെ മാതാവ് കപ്പിലിൽ കിടക്കുകയായിരുന്നു. ഈ സമയം മീനിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ടോയ്‌ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചു. വിവരമറിഞ്ഞ യാത്രക്കാരും കപ്പൽ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചു.
ബുധനാഴ്ച രാത്രി കപ്പൽ കൊച്ചി തുറമുഖത്തെത്തിയപ്പോൾ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചിയിൽ ഇലക്ട്രീഷ്യനാണ് പ്രതി.
65 നോട്ടിക്കൽ മൈൽ അകലെ
പെരളി കേരള തീരത്തുനിന്ന് 65 നോട്ടിക്കൽ മൈൽ അകലെയായിരുന്നപ്പോഴാണ് പീഡനമുണ്ടായത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽവരെ കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കാൻ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് അധികാരമുണ്ട്. 2022ൽ ചരക്ക് കപ്പലിൽ സെക്കൻഡ് എൻജിനിയറായ യുവതിക്കുനേരെയുണ്ടായ പീഡനശ്രമവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസാണ് തുടരന്വേഷണം നടത്തിയത്.