'അവർ ലക്ഷ്യം വച്ചത് മോദിയെന്ന ശക്തനെ, ഇന്ത്യയുടെ വളർച്ച പാകിസ്ഥാൻ പ്രതീക്ഷിച്ചില്ല; രാജ്യത്ത് അകത്തും ചിലർ ശ്രമിക്കുന്നു'
ജമ്മുകാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ നിരവധി നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് മേജർ രവി. ഇന്ത്യയ്ക്ക് അകത്ത് തന്നെ രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായത് പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മേജർ രവി കൂട്ടിച്ചേർത്തു. ജമ്മുകാശ്മീരിന്റെ സാമ്പത്തികശേഷി മെച്ചപ്പെട്ടത് കഴിഞ്ഞ പത്ത് വർഷത്തിനുളളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഇതൊരു സാധാരണ ഭീകരാക്രമണം അയിരുന്നില്ല. പഹൽഗാമിലെ ടൂറിസത്തെ നശിപ്പിക്കാനാണ്. ജമ്മു കാശ്മീരിലെ ആളുകൾ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. ഭീകരാക്രമണത്തെ ചെറുക്കാൻ ജമ്മു കാശ്മീർ ജനത ഇന്ത്യൻ പതാകയുമായിട്ടാണ് റോഡുകളിൽ ഇറങ്ങിയത്. ഇതിൽ നിന്നുതന്നെ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് മനസിലാക്കാവുന്നതേയുളളൂ. ജമ്മുകാശ്മീരിലെ റോഡ് വികസനം തന്നെ ഉദാഹരണമാണ്. ഇന്ത്യയ്ക്ക് അകത്ത് നിന്നുകൊണ്ട് സ്വന്തം രാജ്യത്തിന് എതിരായി ജോലി ചെയ്യുന്നവരുമുണ്ട്. അവരുടെയും ലക്ഷ്യമായിരുന്നു പഹൽഗാമിലെ ആക്രമണം.
ജമ്മുകാശ്മീരിന്റെ സാമ്പത്തികശേഷി തകർക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക,അമർനാഥ് യാത്ര ആരംഭിക്കാൻ പോകുകയായിരുന്നു. ഇതിനെ തകർക്കാനാണ് അവർ ശ്രമിച്ചത്. പക്ഷെ അവരുടെ ലക്ഷ്യങ്ങളൊന്നും നടക്കാൻ പോകുന്നില്ല. ഇന്ത്യയുടെ പെട്ടെന്നുളള വളർച്ച പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ഒരു ഭീകരാക്രമണം നടക്കുന്നത് രാജ്യത്തോടാണ്.പക്ഷെ ഇവിടെ അവർ ലക്ഷ്യം വച്ചത് നരേന്ദ്രമോദിയെയായിരുന്നു. കാരണം അദ്ദേഹം ശക്തനാണ്. അത് അവർക്ക് മനസിലായിട്ടുണ്ട്. ആ മനുഷ്യനെ തകർക്കാനാണ് ശ്രമം നടക്കുന്നത്.
ഇന്ത്യയ്ക്ക് അകത്തും അതിനുളള ശ്രമം നടക്കുന്നുണ്ട്. അവർക്ക് മോദിയെ നേരിട്ട് ആക്രമിക്കാൻ സാധിക്കില്ല. അതിനാണ് നിഷ്‌കളങ്കരായ ആളുകളെ കൊല്ലപ്പെടുത്തിയത്. സൗദിയിൽ ആയിരുന്ന മോദി അപ്പോൾ തന്നെ ഇന്ത്യയിലെത്തി. ഇന്ത്യയിൽ പണ്ട് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. ഇന്ത്യ- ചൈന യുദ്ധം ആരംഭിച്ചപ്പോൾ ആ പ്രധാനമന്ത്രി ശ്രീലങ്കയിൽ ആയിരുന്നു. അദ്ദേഹം രണ്ട് ദിവസം കഴിഞ്ഞാണ് ഇന്ത്യയിൽ എത്തിയത്. മോദിക്ക് പകരക്കാരനാകാൻ ഒരുപാട് ആളുകൾ ശ്രമിക്കുന്നുണ്ട്'- മേജർ രവി പറഞ്ഞു.