വീട്ടുമുറ്റത്തുനിന്ന് പിടികൂടിയത് ഇരുപതിലധികം   അണലിക്കുഞ്ഞുങ്ങളെ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Friday 25 April 2025 3:15 PM IST

കൊല്ലം: വീട്ടുമുറ്റത്തുനിന്ന് ഇരുപതിലധികം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. കൊല്ലം വവ്വാകാവിനടുത്ത് കുലശേഖരപുരത്ത് അശ്വിൻ ധരന്റെ താഴെക്കാട്ടുവീട്ടിൽ നിന്നാണ് ഇവയെ പിടികൂടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ വീടിനുമുന്നിലാണ് ആദ്യം അണലിക്കുഞ്ഞിനെ കണ്ടത്. തുടർന്ന് വീടിന് സമീപം മീൻ വളർത്താനുപയോഗിക്കുന്ന കുളത്തിലും കുഞ്ഞുങ്ങളെ കണ്ടെത്തി. വീടിന് സമീപത്ത് കണ്ടതിനെ ബക്കറ്റുകാെണ്ട് മൂടിവച്ചവീട്ടുകാർ വിവരം പാമ്പുപിടിത്തക്കാരനായ ടി കെ കുട്ടപ്പനെ അറിയിച്ചു. അദ്ദേഹം എത്തിയാണ് കൂടുതൽ കുഞ്ഞുങ്ങളെ പിടികൂടിയത്. പ്രദേശം മുഴുവൻ പരിശോധിച്ചെങ്കിലും തള്ള അണലിയെ കണ്ടെത്താനായില്ല.രാവിലെ തുടങ്ങിയ പാമ്പുപിടിത്തം ഉച്ചയാകുമ്പോഴാണ് അവസാനിച്ചത്.

പിടികൂടിയ കുഞ്ഞുങ്ങൾക്ക് രണ്ടാഴ്ചയോളം പ്രായം വരുമെന്നാണ് കരുതുന്നത്.ഇവയ്ക്ക് നല്ല ആരോഗ്യവുമുണ്ട്. അതിനാൽത്തന്നെ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാവാമെന്നും അവ പരിസരപ്രദേശങ്ങളിലേക്ക് ഇഴഞ്ഞുനീങ്ങിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ടെന്നുമാണ് കുട്ടപ്പൻ പറയുന്നത്. പ്രദേശവാസികൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണലിക്കുഞ്ഞുങ്ങളെ കോന്നിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.

തിരുവനന്തപുരം ജില്ലയിലെ പാലോട്ടെ ഒരുവീട്ടിൽ നിന്ന് കഴിഞ്ഞയാഴ്ച 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. പാമ്പുപിടിത്തക്കാരി നന്ദിയോട് സ്വദേശിനി രാജി രത്നാകരൻ നടത്തിയ തെരച്ചിലിലാണ് ഇവയെ പിടികൂടിയത്. രാവിലെ പത്തുമണിയോട് തുടങ്ങിയ പാമ്പുപിടിത്തം വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. ഇത് റെക്കാഡാണെന്ന് വനംവകുപ്പ് അറിയിച്ചതെന്നാണ് രാജി പറയുന്നത്.

അണലികൾ പ്രസവിക്കുന്ന സമയമാണ് ഇപ്പോൾ. യോജിച്ച പരിസ്ഥിതിയിലാണ് ഇവ പ്രസവിക്കുന്നത്. മാരകമായ വിഷമുള്ളവയാണ് അണലികൾ. അതിനാൽ രാത്രിയിൽ പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതർ പറയുന്നത്.