മലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ് 'പദ്ധതി വിപുലീകരിക്കുന്നു
സാംബിയയിലെ പദ്ധതിയിൽ 10,000 കുട്ടികൾക്ക് ഭക്ഷണം നൽകും
കോഴിക്കോട്: മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന 'ഹംഗർ ഫ്രീ വേൾഡ് ' പദ്ധതിയിലൂടെ ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ ഭക്ഷണ വിതരണം വിപുലീകരിക്കുന്നു. ഇവിടുത്തെ മൂന്ന് സ്‌കൂളുകളിലെ 10,000 വിദ്യാർത്ഥികൾക്കാണ് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നത്. സാംബിയയിൽ കഴിഞ്ഞ വർഷമാണ് പദ്ധതി ആരംഭിച്ചത്. ലുസാക്കയിലെ ജോൺ ലയിംഗ് പ്രൈമറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സാംബിയൻ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, ദുബായിലെ സാംബിയ കോൺസൽ ജനറൽ ജെറി മുഉക്ക, സൗദി അറേബ്യയിലെ സാംബിയ അംബാസഡർ ഡങ്കൻ മുലിമ, സാംബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആരിഫ് സയീദ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 81 നഗരങ്ങളിലായി ദിനംപ്രതി 60,000ത്തിലധികം പേർക്ക് നിലവിൽ പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയിലൂടെ ദാരിദ്ര്യം അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് നിത്യേന ഭക്ഷണം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.