വറുതിയിൽ തീരവാസികൾ, ഉപയോഗിക്കാതെ കോടികൾ
കൊച്ചി: അനുവദിക്കുന്നതിൽ മുക്കാൽ പങ്കുമാത്രം ചെലവഴിച്ച് ബാക്കി പാഴാക്കും! മത്സ്യബന്ധന മേഖലയ്ക്കായുള്ള സർക്കാരിന്റെ തുക അനുവദിക്കലും വിനിയോഗിക്കലും ഇങ്ങനെയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇത്തരത്തിൽ സർക്കാർ ലാപ്സാക്കിയത് 912 കോടി രൂപ! ഇക്കാലയളവിൽ വിവിധ പദ്ധതിക്കായി അനുവദിച്ചത് 5914.84 കോടി രൂപയാണ്. തീരം കടുത്ത വറുതിയിൽ നിൽക്കേ വിവിധ പദ്ധതികൾക്കായി നീക്കിവച്ച തുക പൂർണമായും ചെലവഴിക്കാത്തത് തങ്ങളോടുള്ള അനീതിയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു. 2016-17 സാമ്പത്തിക വർഷം 812 കോടി രൂപ സർക്കാർ മത്സ്യബന്ധനമേഖലയ്ക്കായി നീക്കിവച്ചു. 654 കോടിയേ ചെലവഴിച്ചുള്ളൂ. 2017-18ൽ 805 കോടി അനുവദിച്ചപ്പോൾ ചെലവഴിച്ചത് 705 കോടി. 2018-19 സാമ്പത്തിക വർഷം 833 കോടി ബഡ്ജറ്റിൽ നീക്കിവച്ചിരുന്നു. തുക കൈമാറിയപ്പോൾ ഇത് 670 കോടിയായി കുറഞ്ഞു. 626 കോടി രൂപയെ ആ വർഷം വിനിയോഗിച്ചുള്ളൂ.
കൊവിഡിൽ അനുവദിച്ചതും ചെലവഴിച്ചതും കുറഞ്ഞ തുക
കൊവിഡ് വ്യാപനം തുടങ്ങിയ 2019-20 കാലയളവിൽ ബഡ്ജറ്റിൽ 716 കോടിയാണ് സർക്കാർ നീക്കിവച്ചത്. അനുവദിച്ചുവന്നപ്പോൾ 153 കോടി കുറഞ്ഞു. ചെലവഴിക്കാനായത് 472 കോടി മാത്രം. തൊട്ടടുത്ത വർഷം ബഡ്ജറ്റിൽ മത്സ്യബന്ധന മേഖലയ്ക്ക് 88 കോടി രൂപ കുറച്ചായിരുന്നു സർക്കാരിന്റെ നീക്കിവയ്പ്പ്. ആകെ 703 കോടി അനുവദിച്ചപ്പോൾ 138 കോടി ലാപ്സായി. 2021-22ൽ 879 കോടി, 2022-23ൽ 847 കോടി, 2023-24ൽ 759 കോടി, ഈവർഷം ഇതുവരെ 631 കോടി എന്നിങ്ങനെയാണ് സാമ്പത്തിക വർഷങ്ങളിൽ സർക്കാർ അനുവദിച്ചത്. യഥാക്രമം 565, 776, 704, 677, 576 കോടി രൂപയാണ് സർക്കാർ പദ്ധതികൾക്കായി ചെലവാക്കിയത്.
വർഷം - ലാപ്സാക്കിയത് (കോടി)
• 2016-17 158
• 2017-18 100
• 2018-19 44
• 2019-20 89
• 2020-21 138
• 2021-22 103
• 2022-23 143
• 2023-24 82
• 2024-25 55
കടുത്ത വറുതിയിലൂടെയാണ് മത്സ്യബന്ധനമേഖല കടന്നുപോകുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി കൂടുതൽ തുക ബഡ്ജറ്രിൽ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അനുവദിക്കുന്ന തുകപോലും കൃത്യമായി വിനിയോഗിക്കാതെ ലാപ്സാക്കി കളയുന്നത്. മത്സ്യബന്ധനമേഖലയോടുള്ള അവഗണനയാണിത്.
ചാൾസ് ജോർജ്
സംസ്ഥാന പ്രസഡിന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി