ഇടപ്പള്ളിയുടെ നോവായി രാമചന്ദ്രൻ
കൊച്ചി: കാശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയ എൻ.രാമചന്ദ്രൻ ഇന്നലെ ഇടപ്പള്ളിയുടെ കണ്ണീർത്തുള്ളിയായി. ചങ്ങമ്പുഴ പാർക്കിലെ വേദിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാർ അണമുറിയാതെ ഒഴുകിയെത്തി. റെസിഡന്റ്സ് അസോസിയേഷനുകൾ ബാനറുകൾക്ക് പിന്നിൽ അണിനിരന്നാണ് പാർക്കിലേക്ക് വന്നത്. മൂന്നു പതിറ്റാണ്ട് മുമ്പ് വിപുലമായ സൗഹൃദവലയവും ബന്ധങ്ങളും ഉണ്ടായിരുന്ന രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന രാമചന്ദ്രനെ അറിയാവുന്നവരെല്ലാം ഇന്നലെ പാർക്കിലും വീട്ടിലും ശ്മശാനത്തിലും എത്തി. രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിന് അതീതമായിരുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങൾ. സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടിരുന്ന രാമചന്ദ്രൻ ദീർഘകാലം നാട്ടിൽ നിന്ന് വിട്ടുനിന്നെങ്കിലും പഴയ സ്നേഹബന്ധങ്ങൾ നിലനിറുത്തി. ഖത്തറിലും ദുബായിലും ജീവിച്ച് മടങ്ങിയെത്തിയ ശേഷം മങ്ങാട്ട് റോഡ് റെസിഡന്റ്സ് അസോസിയേഷനിലും ബി.ജെ.പിയിലും ഭാരവാഹിയായി.
രാവിലെ 7.10ന് പാർക്കിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ജനങ്ങൾ തിങ്ങിക്കൂടി. ജസ്റ്റിസ് എൻ.നഗരേഷ്, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹ്നാൻ, മേയർ അഡ്വ.എം.അനിൽകുമാർ, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ.വിനോദ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.ശ്രീകുമാർ തട്ടാരത്ത്, ശിവസേന സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, ആർ.എസ്. എസ്. ജില്ലാ സംഘചാലക് അഡ്വ.വിജയകുമാർ, ബി.എം.എസ്. സംഘടനാ സെക്രട്ടറി മഹേഷ്, നടൻ ജയസൂര്യ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജാഥയായി നടന്ന ജനങ്ങൾക്ക് പിന്നാലെയാണ് മൃതദേഹവുമായി വീട്ടിലേക്ക് പുറപ്പെട്ട ആംബുലൻസ് സഞ്ചരിച്ചത്. വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് സ്വാമി സുനിൽദാസ് നേതൃത്വം നൽകി.