12 വർഷമായി ഒരേ നിരക്ക്, നഷ്ടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ

Saturday 26 April 2025 2:31 AM IST

കൊച്ചി: 12 വർഷമായി ഒരേ സേവന നിരക്ക് ഈടാക്കുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ നഷ്ടത്തിൽ. 2013ലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇക്കാലയളവിൽ സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങളുടെ നിരക്കിൽ ഇരട്ടിയിലേറെ വർദ്ധനയുണ്ടായി. വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്കുകൾ, പേപ്പറിന്റെയും മഷിയുടെയും വില എന്നിവയുൾപ്പെടെയും വർദ്ധിച്ചു. എന്നാൽ ഇതനുസരിച്ച് അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് സർക്കാർ പരിഷ്കരിച്ചില്ല. ഇത് സംബന്ധിച്ച് അക്ഷയ സംരംഭകരുടെ സംഘടനകൾ ഹൈക്കോടതിയിലടക്കം കേസുകൾ നൽകിയിട്ടുണ്ട്. എട്ട് സംഘടനകളുമായി സർക്കാർ മൂന്നുതവണ ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഒരു കേന്ദ്രം സ്ഥാപിക്കാൻ കുറഞ്ഞത് ആറ് ലക്ഷം രൂപയാകും. മാസം 50,000 മുതൽ 80,000 രൂപ വരെ ചെലവുണ്ടാകും. കൂടുതൽ സൗകര്യവും ജീവനക്കാരുമുള്ളിടത്ത് ചെലവും കൂടും.

നൂറോളം സേവനങ്ങൾ

നൂറോളം സേവനങ്ങളാണ് അക്ഷയ വഴി നൽകുന്നത്. ഇ-ജില്ലാ സേവനങ്ങളുടെ ഫീസ് ജനറൽ വിഭാഗത്തിന് 25 രൂപയാണ്. സ്കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് മൂന്നുരൂപ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സേവന ഫീസ് 10 രൂപയും പ്രിന്റിംഗിനും സ്കാനിംഗിനും രണ്ടു രൂപയും.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40 രൂപയും സ്കാനിംഗ്, പ്രിന്റിംഗ് ഫീസായി മൂന്നു രൂപ വീതവും നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾക്ക് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പടെ 20 രൂപയാണ്.

 അക്ഷയ ആരംഭിക്കുന്നത്... 2002ൽ

 നിലവിൽ കേന്ദ്രങ്ങൾ........... 2,939

 ജീവനക്കാർ...........................10,000ലേറെ

വരുമാനത്തിലേറെ ചെലവാണ്. അടിയന്തരമായി അക്ഷയ കേന്ദ്രങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കണം.

-പി.ആർ. സൽജിത്ത്
പ്രസിഡന്റ്

അക്ഷയ വെൽഫെയർ അസോസിയേഷൻ