തദ്ദേശ സ്ഥാപനങ്ങൾക്ക് 1,​396 കോടി കൂടി അനുവദിച്ചു

Saturday 26 April 2025 3:34 AM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് ഒന്നാം ഗഡുവായി 1,​396 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യമറിയിച്ചത്. തുകയിൽ നിന്ന് ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടിയും മുനിസിപ്പാലിറ്റികൾക്ക് 194 കോടിയും കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനും തുക വിനിയോഗിക്കാം. ഈ മാസം ആദ്യം അനുവദിച്ച 2,​228 കോടി ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ 3,​624 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത്.