ഷഹബാസ് വധം: പ്രതികൾക്ക് ജാമ്യമില്ല
കൊച്ചി: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ സഹപാഠികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. 15കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ ലാഘവത്തോടെ കാണാനാകില്ലെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
ഹർജിക്കാർക്കെതിരെയുള്ളത് കൊലപാതകക്കുറ്റമാണെന്നും ബാലനീതി നിയമപ്രകാരം എല്ലാ കേസിലും ജാമ്യം നൽകണമെന്നില്ലെന്നും കോടതി പറഞ്ഞു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് സെഷൻസ് കോടതിയടക്കം വിലയിരുത്തിയിട്ടുണ്ട്. ജാമ്യം അനുവദിക്കുന്നത് ഹർജിക്കാരുടെ ജീവനു ഭീഷണിയാണെന്ന് പ്രോസിക്യൂഷനും വിശദീകരിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ഭീഷണി വന്നതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 28നാണ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് മരിച്ചത്. പ്രതികളായ ആറു വിദ്യാർത്ഥികളും കോഴിക്കോട് ജുവനൈൽ ഹോമിലാണ്.