നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : യു.ഡി.എഫ് സജ്ജമെന്ന് ചെന്നിത്തല
കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂർണസജ്ജമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അന്നുതന്നെ സ്ഥാനാർത്ഥി നിർണയമുണ്ടാകും. യു.ഡി.എഫിന് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ട്. ഈ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ജനം കാത്തുനിൽക്കുകയാണ്. വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും. ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ല. ആരെയെങ്കിലും കാലുമാറ്റി കൊണ്ടുപോകാമെന്ന് കരുതിയാൽ നടക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് ആവർത്തിക്കില്ല. പി.വി.അൻവറുമായി നടത്തിയ ചർച്ച ഫലപ്രദം. അൻവറിനെ സഹകരിപ്പിക്കണമെന്നാണ് യു.ഡി.എഫ് ലൈൻ. ഘടകകക്ഷികളും പാർട്ടി നേതൃത്വവും ചർച്ച ചെയ്ത് തീരുമാനിക്കും. വന്യജീവി സംഘർഷത്തിൽ സർക്കാർ ഉണരണമെന്നും ചെന്നിത്തല പറഞ്ഞു. വന്യജീവികളിൽ നിന്ന് മലയോര മേഖലയിലെ പാവപ്പെട്ടവരെ രക്ഷിക്കണം. ജീവൻ കൈയിൽ പിടിച്ചാണ് കർഷകർ ജീവിക്കുന്നതെന്നും പറഞ്ഞു.