വി.ഡി.സതീശന് രാജീവിന്റെ 'ലൂസിഫർ' മറുപടി.... ,എനിക്ക് മുണ്ടുടുക്കാൻ അറിയാം മലയാളത്തിൽ തെറി പറയാനും

Saturday 26 April 2025 3:36 AM IST

കണ്ണൂർ: തനിക്ക് കേരള രാഷ്ട്രീയവും മലയാളവും അറിയില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് 'ലൂസിഫർ' സിനിമാ സ്റ്റൈലിൽ മറുപടി നൽകി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 'എനിക്ക് മുണ്ടുടുക്കാൻ അറിയാം. വേണമെങ്കിൽ മുണ്ട് മടക്കിക്കുത്താനും. മലയാളത്തിൽ നന്നായി സംസാരിക്കാനും അറിയാം. മലയാളത്തിൽ തെറി പറയാനും'. കണ്ണൂർ ജവഹർ ഹാളിൽ വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു രാജീവിന്റെ മറുപടി.

തനിക്ക് കേരള രാഷ്ട്രീയം അറിയില്ല എന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം തനിക്കറിയില്ല. അത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുന്നത്. ജനങ്ങളെ സേവിക്കാനാണ് അറിയുന്നത്. രണ്ടാമത്തെ ആരോപണം എനിക്കു മലയാളം അറിയില്ലെന്നാണ്. ഞാൻ തൃശൂരിൽ പഠിച്ചു വളർന്ന ആളാണ്. രാജ്യം മൊത്തം സേവനം ചെയ്ത പട്ടാളക്കാരൻ ചന്ദ്രശേഖരന്റെ മകനാണ്. ജനങ്ങളോട് വികസന സന്ദേശം മലയാളത്തിൽ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട.

രാജീവ് ചന്ദ്രശേഖറിന് കേരള രാഷ്ട്രീയമറിയില്ലെന്ന് കോൺഗ്രസുകാർ പറയുമ്പോൾ അത് ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാൻ ആഗ്രഹമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ പഠിപ്പിക്കട്ടെ. ഞാൻ കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നും പഠിക്കാനല്ല വന്നിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ്- അദ്ദേഹം പറഞ്ഞു.