സി.പി.ഐ സമ്മേളനത്തിൽ കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല
തിരുവനന്തപുരം: സി.പി.ഐ ദേശീയ കൗൺസിലിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നൂറാം വാർഷികാഘോഷ സമ്മേളനത്തിലേക്ക് മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ കുടുംബത്തെ ക്ഷണിക്കാത്തിനെച്ചൊല്ലി വിവാദം.
മരിച്ച മുൻ നേതാക്കളുടെ കുടുംബങ്ങളെ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിൽ ആദരിച്ചിരുന്നു. കാനത്തിന്റെ കുടുംബാഗങ്ങളുടെ അസാന്നിദ്ധ്യം സമ്മേളനത്തിൽ ശ്രദ്ധയിൽപ്പെട്ട ചിലർ ഇതേക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. അസൗകര്യത്തെ തുടർന്ന് എത്തിച്ചേർന്നില്ലെന്ന മറുപടിയാണ് സംഘാടകർ ഇതിന് നൽകിയത്. ഇതേക്കുറിച്ച് കാനത്തിന്റെ അയൽവാസിയും പാർട്ടി, പരിസ്ഥിതി പ്രവർത്തകനുമായ ബിനു ഫേസ്ബുക്ക് പോസ്റ്റിട്ടു.
അസൗകര്യം കാരണമാണ് കുടുംബം എത്താതിരുന്നതെന്ന് പോസ്റ്റിന് താഴെ ആരോ കമന്റിട്ടു. ഇതോടെ കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾക്ക് അറിയിപ്പു നൽകുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. അസൗകര്യം കാരണമാണ് എത്താതിരുന്നതെന്ന വിശദീകരണം തെറ്റാണെന്നും പോസ്റ്രിൽ വ്യക്തമാക്കി. വിവാദമായതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കാനത്തിന്റെ മകനെ വിളിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിന്റെ തിരക്കിൽ വിട്ടുപോയതാണെന്നും മനപ്പൂർവമല്ലെന്നും വിശദീകരിച്ചതായാണ് അറിയുന്നത്. സംഭവത്തിൽ ബിനോയ് വിശ്വം ഖേദം പ്രകടിപ്പിച്ചു.