ബി.ജെ.പി ശ്രമം അപഹാസ്യം  : സതീഷ് കൊച്ചുപറമ്പിൽ

Saturday 26 April 2025 12:44 AM IST

പത്തനംതിട്ട: സ്വാതന്ത്ര്യസമര സേനാനികളായ കോൺഗ്രസ് നേതാക്കളുടെ പൈതൃകം എറ്റെടുക്കുവാനുള്ള സംഘപരിപാർ, ബി.ജെ.പി ശ്രമം അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്റായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ചരമ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ് വൈദേശിക മേധാവിത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച് ഇന്ത്യക്ക് സ്വയംഭരണം വേണമെന്ന് നിലപാടെടുത്ത് ദേശീയ പ്രസ്ഥാനത്തെ നയിച്ച മലയാളത്തിന്റെ മഹാനായ പുത്രനായിരുന്നു ചേറ്റൂർ ശങ്കരൻ നായർ എന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, കെ.ജാസിംകുട്ടി, റോജിപോൾ ദാനിയേൽ, എസ്.വി.പ്രസന്നകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, മുൻ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, ദിലീപ് കുമാർ പൊതീപ്പാട്, ബ്ലോക്ക് ഭാരവാഹികളായ പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, സി.കെ.അർജുനൻ, ജോർജ് വർഗീസ്, അഫ്‌സൽ ആനപ്പാറ, കെ.ഷാജിമോൻ, അബ്ദുൾ ഹാരിസ് എന്നിവർ പ്രസംഗിച്ചു.