പത്തനംതിട്ടയ്ക്ക് കുടിവെള്ളമൊരുക്കാൻ അമൃത് 2.O, മൂന്നാംഘട്ടം മുന്നോട്ട്

Saturday 26 April 2025 12:45 AM IST

പത്തനംതിട്ട : നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന അമൃത് 2.O പദ്ധതി മൂന്നാംഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി പാമ്പൂരിപ്പാറയിൽ ആധുനിക കുടിവെള്ള പ്ലാന്റിനായി കൂറ്റൻ പൈപ്പുകളെത്തിച്ചു. കല്ലറ കടവ് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്ന് കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലേക്കും ജലസംഭരണിയിലേക്കും വെള്ളം എത്തിക്കുന്നതിനാണ് വലിയ പൈപ്പുകൾ എത്തിച്ചത്. ജാർഘണ്ഡിൽ നിന്ന് എത്തിച്ച 400 എം.എം ഡി ഐ പൈപ്പുകൾ ഒരു കിലോ മീറ്ററോളം നീളത്തിൽ സ്ഥാപിക്കും. 10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമ്മിക്കുന്നത്. ജനുവരി 13ന് ആരംഭിച്ച പ്ലാന്റിന്റെ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തീകരിക്കും. ജലവിതരണ നഷ്‌ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാട്ടർ അതോറിട്ടി മാറ്റി സ്ഥാപിച്ചിരുന്നു. 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിച്ചു.

അമൃത് 2.O നാല് ഘട്ടങ്ങളിലായി

പദ്ധതി ചെലവ് : 27.62 കോടി രൂപ.

ഒന്നാംഘട്ടം

ജലം ശേഖരിക്കുന്നതിനുള്ള കിണറിന്റെയും കളക്ഷൻ ചേംബറിന്റെയും നിർമ്മാണം 2023ൽ പൂർത്തിയായിരുന്നു. ചെലവ് : 66 ലക്ഷം രൂപ.

രണ്ടാംഘട്ടം

കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനം. ചെലവ് : 3.5 കോടി രൂപയാണ്.

മൂന്നാംഘട്ടം

ശുദ്ധീകരണ പ്ലാന്റ് നിർമ്മാണവും വലിയ പൈപ്പ് ലൈൻ സ്ഥാപിക്കലും.

ചെലവ് : 14.87 കോടി.

നാലാംഘട്ടം

നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്‌ക എന്നിവിടങ്ങളിൽ സംഭരണികൾ നിർമ്മിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനം. ചെലവ് : 8.5 കോടി രൂപ.

കുടിവെള്ള വിതരണത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം ജല അതോറിട്ടിക്ക് ആണെങ്കിലും നഗരത്തിലെ പ്രതിസന്ധി പരിഹരിക്കാൻ നഗരസഭ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നഗരത്തിന്റെ ഭാവി ആവശ്യകത കൂടി പരിഗണിച്ചാണ് സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

അഡ്വ.ടി.സക്കീർ ഹുസൈൻ

നഗരസഭാ ചെയർമാൻ